വ്യാജ കത്തുണ്ടാക്കി നസീറിന് സല്‍ക്കാരം
കൊച്ചി: കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസുമായി ബന്ധപ്പെട്ട് എറണാകുളം സബ് ജയിലില്‍ കഴിയുന്ന തടിയന്റവിട നസീര്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് നോമ്പ് സല്‍ക്കാരം നടത്താന്‍ ആവശ്യപ്പെട്ടു കൊണ്ട് മതസംഘടനയുടെ പേരില്‍ വ്യാജക്കത്തു നല്‍കിയ രണ്ടുപേരെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റു ചെയ്തു. തൃക്കാക്കര നോര്‍ത്ത് ചങ്ങമ്പുഴ നഗറില്‍ വെള്ളര്‍കോടത്ത് പക്കായി (56), കുഴിപ്പള്ളില്‍ നൗഷാദ് (44) എന്നിവരാണ് അറസ്റ്റിലായത്.
തൃശൂര്‍ മുള്ളൂര്‍ക്കര പാറപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ദാറു റഹ്മ എന്ന മതപഠനകേന്ദ്രത്തിന്റെ പേരിലാണ് ഇവര്‍ കത്ത് നല്‍കിയത്. കത്ത് നല്‍കിയതിനെ തുടര്‍ന്ന് നോമ്പു തുറയ്ക്കുള്ള സാധനങ്ങള്‍ എത്തിക്കുന്നതിന് അനുവാദം നല്‍കി. ഒരാഴ്ച ഭക്ഷണ സാധനങ്ങള്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ അപേക്ഷ വ്യാജമാണെന്ന് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സംഭവത്തെ കുറിച്ച് അന്വേഷണമാരംഭിച്ചത്.
ജയിലില്‍കഴിയുന്നവര്‍ക്ക് അംഗീകൃത മതസംഘടനകള്‍, സര്‍ക്കാര്‍ എന്നിവയുടെയോ പ്രതികളുടെയോ ചെലവില്‍ നോമ്പുതുറയ്ക്കുള്ള വിഭവങ്ങള്‍ എത്തിക്കാമെന്ന് എന്‍.ഐ.എ കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ മറവിലാണ് ഇത്തരമൊരു തട്ടിപ്പ് അരങ്ങേറിയത്. മതപഠനകേന്ദ്രത്തിലേയ്ക്ക് പണം പിരിച്ചു കൊടുക്കുന്ന ജീവനക്കാരനായിരുന്നു നൗഷാദ്. ഇയാളുടെ കൈവശം സ്ഥാപനത്തിന്റെ രസീത് ബുക്കും ഉണ്ടായിരുന്നു. രസീത് ബുക്കിന്റെ മുകളിലുള്ള സ്ഥാപനത്തിന്റെ പേര് ഉള്‍പ്പെടുന്ന ഭാഗം എടുത്ത് ഇയാള്‍ വ്യാജമായി ലെറ്റര്‍ ഹെഡും സീലും തയ്യാറാക്കുകയായിരുന്നു. ഇതുപയോഗിച്ചാണ് ഇയാള്‍ ജയില്‍ സൂപ്രണ്ടിന് അപേക്ഷ നല്‍കിയത്.
കാശ്മീര്‍ റിക്രൂട്ടുമെന്റ് കേസില്‍ നസീറിനൊപ്പം ജയിലില്‍ കഴിയുന്ന ഫിറോസിന്റെ പിതാവാണ് പിടിയിലായ പക്കായി. പക്കായിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കുറ്റകൃത്യത്തില്‍ പങ്കാളിയായതെന്ന് നൗഷാദ് പൊലീസിനോട് പറഞ്ഞു.












Click it and Unblock the Notifications