കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ഹൈടെക് പ്രചാരണത്തിന്

  • By Ajith Babu
Google Oneindia Malayalam News

CPM
തിരുവനന്തപുരം: പാര്‍ട്ടി വിരുദ്ധ പ്രചാരണങ്ങള്‍ക്ക് തടയാന്‍ ഹൈടെക് പ്രതിരോധത്തിന് സിപിഎം ഒരുങ്ങുന്നു. സംഘടനാരംഗത്തും പ്രത്യയശാസ്ത്ര രംഗത്തും പാര്‍ട്ടി നേരിടുന്ന വെല്ലുവിളികള്‍ ചെറുക്കാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ ഉപയോഗിക്കണമെന്ന് വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അവതരിപ്പിച്ച രേഖയിലാണ് നിര്‍ദ്ദേശം.

പാര്‍ട്ടിക്കെതിരായ പ്രചാരണങ്ങളെ നേരിടാന്‍ സംസ്ഥാനതലംമുതല്‍ പ്രാദേശികതലംവരെ പ്രത്യേക ടീം രൂപവത്കരിച്ച് പ്രത്യയശാസ്ത്രപരവും ആശയപരവുമായ ബോധവത്കരണം നടത്തും. മുഖ്യധാരാ മാധ്യമങ്ങളില്‍ നിന്നുള്ള വിമര്‍ശനങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടാനാണ് സിപിഎം ഒരുങ്ങുന്നത്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ പാര്‍ട്ടിക്കെതിരെ നടക്കുന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാനും സംവിധാനമൊരുക്കണമെന്നും രേഖ നിര്‍ദ്ദേശിക്കുന്നു.

ടിപി ചന്ദ്രശഖരന്‍, ഷുക്കൂര്‍ കൊലപാതക കേസുകള്‍ക്കു ശേഷം പാര്‍ട്ടിക്കെതിരേ ശക്തമായ പ്രചാരണങ്ങളാണു നടന്നത്. യുഡിഎഫും ഇടതു വിരുദ്ധ സംഘടനകളും വ്യക്തികളും സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വഴി നടത്തിയ പ്രചാരണങ്ങള്‍ പാര്‍ട്ടി വിരുദ്ധ നിലപാട് സൃഷ്ടിക്കുന്നതിനു പങ്കു വഹിച്ചു. ഇടതു സിപിഎം വിരുദ്ധ മാധ്യമങ്ങളും പ്രചാരണങ്ങള്‍ ഏറ്റെടുത്തതിനെ ശക്തമായി പ്രതിരോധിക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ പ്രാദേശിക തലങ്ങളില്‍ വരെ സൈബര്‍ പ്രചാരണങ്ങള്‍ക്കു സംവിധാനങ്ങളുണ്ടാക്കും.

ഐടി വിദഗ്ധരായ പാര്‍ട്ടി അനുഭാവികളുടെ സേവനവും ഉപയോഗിക്കും. ഓരോ വിഷയത്തിലുമുള്ള നിലപാടുകളും അഭിപ്രായങ്ങളും ആധുനിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കും. സംഭവങ്ങളില്‍ സംയമനപരമായ മറുപടികളുമുണ്ടാകും. പൊതുവായ സംഭവങ്ങളിലെ ഇത്തരം പ്രചാരണങ്ങള്‍ക്കുള്ള മറുപടികള്‍ സംസ്ഥാന തലത്തില്‍ തന്നെ നല്‍കും. ഇതിനെ ഏകോപിപ്പിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.

മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങളും നേരിടും. വിശദമായ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്കു പുറമേ പ്രാദേശിക തലത്തില്‍ പോസ്റ്റര്‍ പ്രചാരണങ്ങളും വീടുവീടാന്തരമുള്ള പ്രചാരണങ്ങളും കുടുംബയോഗങ്ങളും ചേരണമെന്ന നിര്‍ദേശവും സെക്രട്ടേറിയറ്റ് മുന്നോട്ടുവച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X