കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജന് ജാമ്യം

  • By Ajith Babu
Google Oneindia Malayalam News

P Jayarajan
കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ റിമാന്റിലായിരുന്ന കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായിരുന്ന പി ജയരാജന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുകയോ ചെയ്യരുതെന്നും സമാനമായ മറ്റ് കുറ്റകൃത്യങ്ങളിലേര്‍പ്പെടുകയോ ചെയ്യരുതെന്നുമുള്ള കര്‍ശന ഉപാധികളോടെയാണ് അവധിക്കാല ബെഞ്ച് ജഡ്ജി ബായു മാത്യൂ പി. ജോസഫ് ജാമ്യം അനുവദിച്ചത്. 25,000 രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യത്തിലുമാണ് ജാമ്യം.

അതേസമയം ജയരാജന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യവും കോടതി നിരാകരിച്ചു. പാര്‍ട്ടി ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ ജയരാജന്‍ ജില്ലയില്‍ പ്രവേശിക്കുന്നത് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. അടുത്ത നാല് ദിവസങ്ങളില്‍ കോടതി അവധിയായതിനാല്‍ ജാമ്യ ഉത്തരവ് ഇന്നു തന്നെ ഫാക്‌സ് ആയി കണ്ണൂര്‍ കോടതിയിലെത്തിക്കാനും കോടതി നിര്‍ദേശിച്ചു. കേസിന്റെ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു ജയരാജന്റെ അഭിഭാഷകന്റെ വാദം.

നേരത്തെ വിചാരണക്കോടതിയും ഹൈക്കോടതിയും ജയരാജന് ജാമ്യം നിഷേധിച്ചിരുന്നു. ജയരാജന്റെ അറസ്റ്റിന് ശേഷമുണ്ടായ അക്രമസംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം നിഷേധിച്ചത്. എന്നാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി എപ്പോഴും ജാമ്യം നിഷേധിക്കാനാകില്ലെന്ന് ജാമ്യം അനുവദിച്ച് അവധിക്കാല ബെഞ്ച് വ്യക്തമാക്കി.

അക്രമത്തിന് ആഹ്വാനം ചെയ്തത് ജയരാജനല്ലെന്നും കോടതി നിരീക്ഷിച്ചു. ഷുക്കൂറിന്റെ കൊലപാതക വിവരം മുന്‍കൂട്ടി അറിഞ്ഞിട്ടും മറച്ചുവെച്ചതിന്റെ പേരില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 118-ാം വകുപ്പ് പ്രകാരമാണ് ജയരാജനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഈ മാസം ഒന്നുമുതല്‍ ജയരാജന്‍ റിമാന്‍ഡിലാണ്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അദ്ദേഹത്തെ രണ്ടാം ഘട്ട റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് രാവിലെ കണ്ണൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് വന്ന ശേഷം കേസ് പരിഗണിച്ചാല്‍ മതിയെന്ന തീരുമാനത്തില്‍ കോടതി ഇക്കാര്യം മാറ്റിവെച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഉച്ചയ്ക്ക് ശേഷം ജയരാജന്‍ ജയില്‍മോചിതനാകുമെന്നാണ് കരുതുന്നത്. ജയില്‍മോചിതനാവുന്ന ജയരാജന് ഉജ്ജ്വല സ്വീകരണം നല്‍കാന്‍ സിപിഎം ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഷുക്കൂര്‍ വധക്കേസില്‍ 33ാം പ്രതിയായ ടി.വി രാജേഷ് എംഎല്‍എയ്ക്കും ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.


English summary
Kerala High Court Monday granted bail to CPM Kannur District Secretary P Jayarajan, arrested in connection with the politically sensitive murder of IUML activist Abdul Shukkoor in February.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X