കാറിനുള്ളില്‍ രണ്ട് യുവാക്കള്‍ മരിച്ച നിലയില്‍
കൊല്ലം: പരവൂരില്‍ അടച്ചിട്ടിരുന്ന കാറിനുള്ളില്‍ രണ്ടു യുവാക്കള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. പരവൂര്‍ കുറുമണ്ടല്‍ കോമള ഭവനില്‍ സഞ്ജയ്കുമാര്‍ (36), അയല്‍വാസിയും ബന്ധുവുമായ മണി മന്ദിരത്തില്‍ ഗിരീഷ് (30) എന്നിവരാണു മരിച്ചത്.
സഞ്ജയിന്റെ കാറിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ തിങ്കളാഴ്ച രാത്രി ഒമ്പതോടെ കാണപ്പെട്ടത്. ഇയാളുടെ വീട്ടിലേക്കുള്ള വഴി വളരെ ഇടുങ്ങിയതായതിനാല്‍ അയല്‍വാസിയുടെ വീട്ടിലാണു കാര്‍ സ്ഥിരമായി ഇടാറുള്ളത്.സജയ്കുമാര്‍ കൊച്ചിയില്‍ സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് അസോഷ്യേറ്റ് ഡയറക്ടറാണ്. ഗിരീഷ് വൈദ്യശാല ജീവനക്കാരനാണ്. സജയ്കുമാര്‍ പിന്‍സീറ്റിലും ഗിരീഷ് മുന്‍സീറ്റിലും ചാരിക്കിടക്കുന്ന നിലയിലായിരുന്നു. ഗിരീഷിന്റെ മൂക്കില്‍ നിന്നു രക്തം ഒഴുകിയിട്ടുണ്ട്. സജയ് കുമാറിന്റേതാണു കാര്‍.
തിങ്കളാഴ്ച രാവിലെ ഏഴരയോടെ ഇരുവരും ചേര്‍ന്ന് കാര്‍ വൃത്തിയാക്കുന്നത് സമീപവാസികള്‍ കണ്ടിരുന്നു. രാത്രി 8.30 ആയിട്ടും കാണാഞ്ഞതിനെത്തുടര്‍ന്നു ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് അയല്‍വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ സീറ്റില്‍ ഇരുവരെയും കണ്ടത്. തുടര്‍ന്ന് സജയ്കുമാറിന്റെ വീട്ടില്‍ വിവരം അറിയിച്ചു. സജയ്കുമാറിന്റെ പിതാവു കെഎസ്ഇബി റിട്ട. എന്‍ജിനീയര്‍ ചന്ദ്രശേഖരന്‍ എത്തിയ ശേഷം മെക്കാനിക്കിന്റെ സഹായത്തോടെ കാറിന്റെ ചില്ല് ഇളക്കിമാറ്റിയപ്പോഴാണ് ഇവര്‍ മരിച്ചതായി മനസ്സിലായത്. പരവൂര്‍ പോലീസെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കാര്‍ പാര്‍ക്ക് ചെയ്തിരുന്ന വീട്ടിലെ താമസക്കാര്‍ ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നു. ഇതു കാരണമാണു മരണവിവരം മറ്റുള്ളവര്‍ അറിയാന്‍ വൈകിയത്. പരവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications