ഐസ്‌ക്രീം: കുഞ്ഞാലിക്കുട്ടി പറ്റിച്ചെന്ന് ഇരകള്‍
കോഴിക്കോട്: എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തില്‍ നടന്ന ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ പുനരന്വേഷണം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ട് അട്ടിമറിച്ചതായി കേസിലെ ഇരകളും സാക്ഷികളുമായ ബിന്ദുവും റോസ്ലിനും.
മൊഴി മാറ്റിപ്പറഞ്ഞ ശേഷം വാഗ്ദാനങ്ങള്‍ നിറവേറ്റാത്തതിനെ തുടര്‍ന്നാണ് വെളിപ്പെടുത്തുന്നതെന്നും ഇതില്‍ ഉറച്ചുനില്‍ക്കുമെന്നും ഇവര്‍ പറഞ്ഞു. പീഡിപ്പിക്കപ്പെട്ട എല്ലാവരെയും സംഘടിപ്പിച്ച് കുഞ്ഞാലിക്കുട്ടിയെ വഴിയില്‍ തടയുക, മന്ത്രിയുടെ പരിപാടികള്‍ തടസ്സപ്പെടുത്തുക തുടങ്ങിയ പ്രക്ഷോഭവുമായി മുന്നോട്ടുപോവും. റാഫി എന്ന മുസ്ലിംലീഗ്് പ്രാദേശിക നേതാവാണ് ഇടനിലക്കാരന്‍. റൗഫ് പറഞ്ഞതനുസരിച്ചാണ് കുഞ്ഞാലിക്കുട്ടിക്ക് പ്രതികൂലമായി മൊഴി മാറ്റിയതെന്ന് അന്വേഷണസംഘത്തോട് പറഞ്ഞാല്‍ പണവും വീടും തരാമെന്നായിരുന്നു വാഗ്ദാനം.
പ്രത്യേകാന്വേഷണസംഘത്തിനു മുമ്പാകെ മൊഴിമാറ്റിപ്പറഞ്ഞാല്‍ വീടു വയ്ക്കാനും മറ്റും പണം നല്‍കാമെന്നു കുഞ്ഞാലിക്കുട്ടി വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പിന്നീട് അതു ലംഘിച്ചെന്നും ഇരുവരും ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രത്യേകസംഘം അന്വേഷണം നടത്തുമ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ ചേളാരി ഷെറീഫാണു തങ്ങളെ സമീപിച്ചതെന്ന് അവര്‍ വെളിപ്പെടുത്തി. കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി മൊഴി നല്‍കിയാല്‍ വീടു വച്ചുനല്‍കാമെന്നും പണം നല്‍കാമെന്നുമായിരുന്നു വാഗ്ദാനം.
അതു വിശ്വസിച്ച് അന്വേഷണ സംഘത്തിനുമുമ്പാകെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി മൊഴി നല്‍കി. കുഞ്ഞാലിക്കുട്ടി വാഗ്ദാനം പാലിച്ചില്ല. ഇതേത്തുടര്‍ന്നു കോഴിക്കോട്ടെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മുഖേന കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ടു. ഈ മാസം ആദ്യം തിരുവനന്തപുരത്തു സെക്രട്ടേറിയറ്റില്‍ ചെന്നെങ്കിലും അദ്ദേഹത്തെ കാണാന്‍ സമ്മതിച്ചില്ല. പിന്നീടു മന്ത്രിയുടെ വീട്ടില്‍ പോയി. കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ നേരിട്ടു പണം നല്‍കാനാവില്ലെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏതെങ്കിലും ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന വീടു നിര്‍മിച്ചു നല്‍കാമെന്നു പറഞ്ഞെങ്കിലും നടന്നില്ല.
ഇനി കുഞ്ഞാലിക്കുട്ടിയെ വിശ്വസിക്കില്ല. പല തവണ കേസില്‍ തങ്ങളെക്കൊണ്ട് മൊഴി മാറ്റി പറയിപ്പിച്ചിട്ടുണ്ട്. കേസിന്റെ ആദ്യഘട്ടത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പേര് പറയാതിരിക്കാന്‍ റൗഫും ഹംസയും ഷരീഫും തങ്ങള്‍ക്ക് രണ്ടരലക്ഷം രൂപ നല്‍കി. ഗള്‍ഫിലും കൊണ്ടുപോയിരുന്നു. പീഡനവും വാര്‍ത്തകളും കേസുമൊക്കെയായി തങ്ങളുടെ ജീവിതവും കുടുംബവും തകര്‍ന്നു.
കേസില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. പത്തോളം പേര്‍ ഭയംമൂലമോ പണം വാങ്ങിയതിനാലോ ആണ് പുറത്ത് പറയാതിരിക്കുന്നത്. ഐസ്‌ക്രീം അട്ടിമറി കേസ് നടപടികള്‍ പൂര്‍ത്തിയായതിനാല്‍ നിയമപരമായി നീങ്ങുന്നതിന് തടസ്സങ്ങളുണ്ടെന്നും ഇവര്‍ പറഞ്ഞു.
ഐസ്‌ക്രീം പാര്‍ലര്‍ കേസ് എഴുതിത്തള്ളണമെന്നാവശ്യപ്പെട്ടു പ്രത്യേകാന്വേഷണ സംഘം കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനെതിരേ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കുംമുമ്പ് തന്റെ വാദംകൂടി കേള്‍ക്കണമെന്നാണ് വി.എസിന്റെ ആവശ്യം. സെപ്റ്റംബര്‍ ഒന്നിനു വി.എസിന്റെ ഹര്‍ജിയില്‍ വാദം തുടങ്ങാനിരിക്കെയാണ് ഇരകളുടെ പുതിയ വെളിപ്പെടുത്തല്‍.
2011 ജനുവരി 28ന് പി കെ കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരീ ഭര്‍ത്താവ് കെ എ റൗഫിന്റെ വെളിപ്പെടുത്തലിനെ ആസ്പദമാക്കിയാണ് ഐസ്‌ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറി അന്വേഷിക്കാന്‍ പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചത്. ജഡ്ജിമാര്‍ക്കും ഇരകളായ പെണ്‍കുട്ടികള്‍ക്കും പണം നല്‍കിയും സ്വാധീനിച്ചുമാണ് കേസ് അട്ടിമറിച്ചതെന്നായിരുന്നു റൗഫിന്റെ വെളിപ്പെടുത്തല്‍.












Click it and Unblock the Notifications