കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാങ്കര്‍ അപകടം: മരണം ആറായി

  • By Ajith Babu
Google Oneindia Malayalam News

Gas Tanker
കണ്ണൂര്‍: കണ്ണൂര്‍ ചാലയില്‍ ഗ്യാസ് ടാങ്കര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റംലത്താണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് മരണം സംഭവിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു. ഒട്ടേറെ പേര്‍ ഇപ്പോഴും പൊള്ളലേറ്റ് ചികിത്സയിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ്, പരിയാരം മെഡിക്കല്‍ കോളജ് എന്നിവടങ്ങളിലാണ് പരിക്കേറ്റവര്‍ ചികിത്സയിലുള്ളത്.

അപകടത്തില്‍ ചാല ഭഗവതിക്ഷേത്രത്തിനു സമീപം കുളങ്ങരവീട്ടില്‍ (ശ്രീനിലയം) കേശവന്റെ ഭാര്യ ശ്രീലത (47), ചാല ഞാറോളി അബ്ദുള്‍ അസീസ് (55), താട്ടട ആര്‍.പി. ഹൗസില്‍ നിര്‍മല (50), രമ (50), ചാല സ്വദേശിനി വാഴയില്‍ ഗീത(42) എന്നിവര്‍ മരിച്ചിരുന്നു. അപകടത്തില്‍ മേഖലയിലെ നിരവധി വീടുകള്‍ അഗ്നിക്കിരയായിരുന്നു. ഇതേതുടര്‍ന്ന് ഇവിടുത്തെ ആളുകള്‍ ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിരിക്കുകയാണ്.

അപകടത്തില്‍ 39 പേര്‍ക്കു പരുക്കുണ്ട്. ഇതില്‍ 15 പേരുടെ നില ഗുരുതരമാണ്. 90 ശതമാനം മുതല്‍ അറുപതു ശതമാനം വരെ പൊള്ളലേറ്റവരാണു കൂടുതല്‍. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ്, പരിയാരം മെഡിക്കല്‍ കോളജ്, തലശേരി സഹകരണ ആശുപത്രി കണ്ണൂര്‍ എ.കെ.ജി. ആശുപത്രി, കൊയിലി ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സയിലാണ്.

ചാല ബൈപാസിനടുത്തു തിങ്കളാഴ്ച അര്‍ധരാത്രിയോടെ പാചകവാതകം നിറച്ച ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. മംഗലാപുരത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം പ്ലാന്റില്‍നിന്നു മലപ്പുറം ചേളാരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഫില്ലിംഗ് യൂണിറ്റിലേക്കു പാചകവാതകവുമായി പോവുകയായിരുന്ന ഐഒസിയുടെ നീളം കൂടിയ ബുള്ളറ്റ് ടാങ്കറാണു പൊട്ടിത്തെറിച്ചത്.

കണ്ണൂര്‍-തലശേരി റൂട്ടില്‍ ചാല ബൈപാസ് ജംഗ്ഷനടുത്ത ഡിവൈഡറില്‍ കയറി വലതുഭാഗത്തേക്കു ടാങ്കര്‍ മറിയുകയായിരുന്നു. മറിഞ്ഞയുടന്‍ പാചകവാതകം ചോര്‍ന്നു. 15 മിനിറ്റിനുള്ളില്‍ സ്‌ഫോടനമുണ്ടായി. 18 ടണ്‍ ദ്രവീകൃത പെട്രോളിയം ഗ്യാസ്് ടാങ്കറിലുണ്ടായിരുന്നു. ടാങ്കര്‍ ദുരന്തത്തില്‍ 17 വീടുകള്‍ ഭാഗികമായും മൂന്നു വീടുകള്‍ പൂര്‍ണമായും കത്തി നശിച്ചു. 23 കടകളും അഗ്‌നിക്കിരയായി. കാറും ജീപ്പും ഓട്ടോറിക്ഷയും ഉള്‍പ്പെടെ നിരവധി വാഹനങ്ങളും കത്തി.

ദുരന്തം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് ചാലയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രമേശന്റെ നേതൃത്വത്തില്‍ ഏഴംഗ വിദഗ്ധസംഘമാണു ക്യാമ്പിലുള്ളത്. ഗ്യാസ് കത്തിയതു കാരണം ഉണ്ടാകാനിടയുള്ള ശാരീരിക അസ്വസ്ഥതകളും ആസ്ത്മ, ത്വക്ക് രോഗം, ഹൃദ്രോഗം എന്നിവ കണക്കിലെടുത്താണു ക്യാമ്പ് ആരംഭിച്ചിട്ടുള്ളത്. റവന്യൂ വകുപ്പ്, പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവര്‍ സ്ഥലത്തു ക്യാമ്പു ചെയ്യുന്നുണ്ട്. പ്രദേശത്തെ ടെലിഫോണ്‍, വൈദ്യുതി ബന്ധം പൂര്‍ണമായും താറുമാറായി.

ഒരു കിലോമീറ്ററോളം പ്രദേശത്തെ തെങ്ങുകള്‍ ഉള്‍പ്പെടെയുള്ള കൃഷി പൂര്‍ണമായും നശിച്ചു. പരിയാരം മെഡിക്കല്‍ കോളജിലേക്കു ജില്ലാ ആരോഗ്യ വകുപ്പ് സില്‍വര്‍ എക്‌സ് എന്ന മരുന്ന് അടിയന്തിരമായി നല്‍കിയിട്ടുണ്ട്

English summary
A woman succumbed to her burns at a Kozhikode hospital on Thursday. This takes the toll in the Liquified Petroleum Gas (LPG) tanker mishap near Kannur to three, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X