സുധാകര പ്രസംഗം: പൊലീസ് മലക്കം മറിഞ്ഞു
തിരുവനന്തപുരം: ജഡ്ജിമാര്‍ കൈക്കൂലി വാങ്ങുന്നത് കണ്ടിട്ടുണ്ടെന്ന വിവാദപ്രസംഗത്തിന്റെ പേരില്‍ കെ.സുധാകരനെതിരെ സി.ബി.ഐ കേസെടുത്തിട്ടില്ലെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. തിരുവനന്തപുരം ഒന്നാം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യമറിയിച്ചത്.
സി.ബി.ഐ കേസെടുത്തുവെന്നായിരുന്നു നേരത്തെ പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ സുധാകരനെതിരെ സുപ്രീംകോടതി അയച്ച കത്ത് സി.ബി.ഐയ്ക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്നാണ് പൊലീസ് ചൊവ്വാഴ്ച കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ഈ മാസം 7 ന് ഈ കേസില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധി പറയും.
കേസ് അന്വേഷിക്കുന്ന ക്രൈം ഡിറ്റാച്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ കെഇ ബൈജു ചൊവ്വാഴ്ച കോടതിയില്‍ ഹാജരായിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാത്തതിനും കോടതിയില്‍ ഹാജരാകാതിരുന്നതിനും ബൈജുവിന് കോടതി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
കേസ് നടക്കുന്ന തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വിശ്വാസമില്ലെന്നും കേസ് ഈ കോടതിയില്‍ നിന്നും മാറ്റണമെന്നും സുധാകരന്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു.












Click it and Unblock the Notifications