എമേര്‍ജിങ് കേരള: വിവാദ പദ്ധതികള്‍ വെട്ടി
തിരുവനന്തപുരം: എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ നാല് പദ്ധതികള്‍ പിന്‍വലിച്ചു. ചീഫ് സെക്രട്ടറിയുടെ പരിശോധനയിലാണ് നാല് ടൂറിസം പദ്ധതികള്‍ പിന്‍വലിക്കാന്‍ തീരുമാനമായത്.
നെല്ലിയാമ്പതി, വാഗമണ്‍, ഇലവിഴാപൂഞ്ചിറ, ധര്‍മ്മടം എന്നിവടങ്ങളിലെ നിര്‍ദ്ദിഷ്ട പദ്ധതികളാണ് ഒഴിവാക്കിയത്. തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇവ എമര്‍ജിങ് കേരളയുടെ വെബ്‌സൈറ്റില്‍ നിന്നും നീക്കി.
തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം ഉള്‍പ്പെടുത്തി കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയും വെബ്‌സൈറ്റില്‍ നിന്നും നീക്കി. സ്‌റ്റേഡിയം 15 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനായിരുന്നു നീക്കം. ചീമേനി പദ്ധതിക്ക് നീക്കിവെച്ച ഭൂമി 1621 ഏക്കറില്‍ നിന്ന് 200 ഏക്കറാക്കി ചുരുക്കി. ഇലവിഴപൂഞ്ചിറയില്‍ ഇക്കോ റിസോര്‍ട്ട്, വാഗമണില്‍ ഇക്കോ റിസോര്‍ട്ടും ഗോള്‍ഫ് കോഴ്‌സും തുടങ്ങാനായിരുന്നു പദ്ധതികള്‍. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ഈ പദ്ധതികള്‍ക്കെതിരെ ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
എമേര്‍ജിങ് കേരളയിലെ ചില പദ്ധതികളെ കുറിച്ച് വ്യാപക ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് പദ്ധതികളെ കുറിച്ച് പരിശോധിക്കാന്‍ സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിവാദപദ്ധതികള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
എമേര്‍ജിങ് കേരളയിലെ പദ്ധതികളില്‍ പുനപരിശോധന നടത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
എമേര്‍ജിങ് കേരളയിലെ എല്ലാ പദ്ധതികളും പരിസ്ഥിതി ആഘാതപഠനം നടത്താനും നിക്ഷേപ അനുമതി ബോര്‍ഡ് രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനം കൈകൊണ്ടിട്ടുണ്ട്.












Click it and Unblock the Notifications