Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉന്നതവിദ്യാഭ്യാസത്തിന് പുതിയ നയം ഉടന്‍: മന്ത്രി

Abdurabb
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ നയം രൂപീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ നയത്തിനുള്ള രൂപരേഖ തയാറാക്കി വരുന്നുണ്ട്. സംസ്ഥാനത്തെ സര്‍വകലാശാലകളെയും ഈ ചട്ടക്കൂടിലേക്ക് കൊണ്ടു വരും. ഉന്നത വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം ഇതിനോടകം രണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്ത് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. സ്‌കോളര്‍ സപ്പോര്‍ട്ട് പ്രോഗ്രാം, വാക്ക് വിത് എ സ്‌കോളര്‍ പദ്ധതികളാണിത്.

ഇത്തരത്തിലുള്ള പദ്ധതികള്‍ വഴി സംസ്ഥാനത്തെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുയര്‍ത്തുന്നതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. സംസ്ഥാനത്ത് സിലബസ് പരിഷ്‌ക്കരണം ഏറെ താമസിച്ചാണ് നടക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊണ്ടു വന്ന സിലബസുകള്‍ തന്നെ തുടര്‍ന്നു വരുന്ന സാഹചര്യം ഗുണകരമല്ല. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് വന്നില്ലായെങ്കില്‍ സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് ഉയരാനാകില്ല.

കുട്ടികള്‍ക്ക് മറ്റു സംസ്ഥാനങ്ങളിലേതുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളുമായി മത്സരിക്കേണ്ടി വരുമ്പോള്‍ പിന്നോട്ടടിക്ക് കാരണമാകുന്ന ഇത്തരം പ്രവണതകള്‍ മാറണം. കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ കുട്ടികള്‍ പര്യാപ്തരാകണമെങ്കില്‍ സിലബസ് ലോകമാറ്റങ്ങള്‍ക്കനുസരിച്ച് മാറണം. സംസ്ഥാനത്തെ സര്‍വകലാശാലകള്‍ പലപ്പോഴും സമയബന്ധിതമായി കാര്യങ്ങള്‍ നടത്തുന്നതില്‍ വീഴ്ച വരുത്തുന്നത് തുടര്‍ പ്രക്രിയയാകുകയാണ്.

പരീക്ഷാ നടത്തിപ്പിലും റിസള്‍ട്ട് പ്രഖ്യാപനത്തിലും ഉള്‍പ്പെടെ ഇത്തരം വീഴ്ചകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കുട്ടികളെ നേരിട്ട് ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങളില്‍ മുഖംതിരിച്ചു നില്‍ക്കുന്ന നടപടികള്‍ ദുഖകരമാണ്. വിദ്യാര്‍ഥികള്‍ക്ക് ഗുണകരമായ ഏറെ കാര്യങ്ങള്‍ ചെയ്യുന്നതിന് സര്‍വകലാശാലകള്‍ക്ക് സാധിക്കും. കഴിയുന്നത്ര വിദ്യാര്‍ഥികള്‍ക്ക് സഹായകരമായ നടപടികള്‍ ഉണ്ടാകണം.ഇക്കാര്യങ്ങളില്‍ സ്ട്രീം ലൈനിംഗ് ആവശ്യമാണ്.

അതിനനുസരിച്ചുള്ള ചര്‍ച്ചകളും തീരുമാനങ്ങളും പ്രാഥമികമായി നടത്തിക്കഴിഞ്ഞിട്ടുണ്ട്. ഇതിനായി ഗ്‌ളോബല്‍ എഡ്യൂക്കേഷന്‍ മീറ്റ് നടത്തുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങളും നടത്തിക്കഴിഞ്ഞു.വൈസ് ചാന്‍സലര്‍മാരും വിദേശ രാഷ്ട്രങ്ങളിലെ സര്‍വകലാശാലാ പ്രതിനിധികളും വിദ്യാഭ്യാസ വിചക്ഷണന്‍മാരുമായുള്ള ആശയവിനിമയം,ചര്‍ച്ച, സെമിനാര്‍ മുതലായവയാണ് ഉദ്ദേശിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തെ പുഷ്ടിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ ആരായുന്നത്. സെമസ്‌റര്‍ സംബന്ധിച്ച് ഹൃദയകുമാരി കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിച്ചുകഴിഞ്ഞു.

റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൌരവമായെടുക്കും. നടപ്പാക്കാന്‍ കഴിയുന്ന നിര്‍ദേശങ്ങള്‍ പരിഗണിക്കും. സിലബസ് ഉള്‍പ്പെടെയുള്ള കാര്യത്തിലും ക്രെഡിറ്റ്‌സെമസ്‌റര്‍ സമ്പ്രദായത്തിന്റെ കാര്യത്തിലും കുട്ടികള്‍ക്ക് സഹായകരമായ നടപടികള്‍ക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.യുദ്ധകാലാടിസ്ഥാനത്തില്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ സൌകര്യവും വൈവിദ്ധ്യവത്ക്കരണവും ആവശ്യമാണ്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാലഘട്ടം ആവശ്യപ്പെടുന്ന രീതിയില്‍ മേഖലയെ ശ്രദ്ധിക്കുവാനും ആവശ്യങ്ങള്‍ക്കനുസരിച്ച് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കാനും കഴിഞ്ഞിട്ടില്ല. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുകയും പരിഷ്‌ക്കരണങ്ങള്‍ നടപ്പാക്കുകയും ചെയ്യും. ഉന്നത വിദ്യാഭ്യാസ കൌണ്‍സിലില്‍ നിന്നും ലഭിക്കുന്ന ക്രിയാത്മകമായ നിര്‍ദേശങ്ങളും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. വിവിധ സ്ട്രീമുകളിലായി 1000 വിദ്യാര്‍ഥികളെയാണ് സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

ബിരുദ കോഴ്‌സുകളിലേക്ക് ഒന്നും രണ്ടും മൂന്നും വര്‍ഷം യഥാക്രമം 12000, 18000, 24000 എന്നിങ്ങനെയാണ് സ്‌കോളര്‍ഷിപ്പ് തുക. പിജി തലത്തില്‍ ഒന്നും രണ്ടും വര്‍ഷം യാഥാക്രമം ഇത് 40000, 60000 എന്നിങ്ങനെയാണ്. സ്‌കോളര്‍ഷിപ്പ് ലഭിക്കുന്ന കുട്ടി അക്കാദമിക്ക് നിലവാരത്തില്‍ നിന്നും താഴെയ്ക്ക് പോയാല്‍ തുടര്‍ വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കോളര്‍ഷിപ്പ് നേടിയ 1000 വിദ്യാര്‍ഥികളില്‍ ഏറ്റവും കുടുതല്‍ മാര്‍ക്ക് കരസ്ഥമാക്കിയ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള 22 വിദ്യാര്‍ഥികള്‍ക്കാണ് മന്ത്രി തുക വിതരണം ചെയ്തത്. സംസ്ഥാനത്തെ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ കാര്യത്തില്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്നും ഇവര്‍ക്ക് പ്രോത്സാഹനം നല്കണമെന്നും മന്ത്രി പറഞ്ഞു.

മറ്റു സ്ട്രീമുകളില്‍ പെട്ടവര്‍ക്കും സ്‌പെഷലിസ്‌റ് മേഖലയില്‍ പഠിക്കുന്നവര്‍ക്കുമൊക്കെ സ്‌കോളര്‍ഷിപ്പ് ലഭ്യമാകണം. സര്‍ക്കാരിന് സാമ്പത്തിക പരിമിതികളുണ്ടെങ്കിലും ഇക്കാര്യവും പരിഗണിക്കും. സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനുള്ള ഫണ്ടിനായി സ്‌പോണ്‍സര്‍ഷിപ്പ് കണ്ടെത്തണം. വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി ഏറെപ്പേര്‍ മുന്നോട്ടു വരുന്നുണ്ട്.ഇവരുടെ സഹായവും ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി.ശ്രീനിവാസന്‍ അധ്യക്ഷനായിരുന്നു. മെമ്പര്‍ സെക്രട്ടറി ഡോ.പി.അന്‍വര്‍, എക്‌സിക്യൂട്ടീവ് കൌണ്‍സില്‍ അംഗങ്ങളായ പ്രഫ.സി.ഐ.അബ്ദുള്‍ റഹിമാന്‍, ഡോ.എന്‍.വീരമണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+