5കോടി എത്തിയത് പലചരക്ക് കടയിലേയ്ക്ക്
തിരുവനന്തപുരം: കേരള ലോട്ടറിയുടെ ഓണം ബംബറിന്റെ ഒന്നാം സമ്മാനമായ അഞ്ചു കോടി രൂപയും ഒരു കിലോ തങ്കവും എത്തിയത് പുനലൂര്‍ സ്വദേശി വിജയന്‍ പിള്ളയുടെ പലചരക്ക് കടയിലേയ്ക്ക്. ഭാഗ്യദേവത കടാക്ഷിച്ചെങ്കിലും അതില്‍ അമിതമായി ആഹ്ലാദിക്കുന്നില്ല വിജയന്‍ പിള്ള. ലോട്ടറിയടിച്ച പണം എന്ത് ചെയ്യുമെന്ന ചോദ്യത്തിന് എന്തെങ്കിലും ബിസിനസ്സ് തുടങ്ങണമെന്ന വിനയത്തില്‍ കലര്‍ന്ന മറുപടി.
കഴിഞ്ഞ അഞ്ചാം തീയ്യതി ലോട്ടറി ഏജന്റ് രാജന്‍ പിള്ളയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അമ്പത്തെട്ടുകാരനായ വിജയന്‍ പിള്ള ടിക്കറ്റെടുത്തത്. എന്നാല്‍ ഭാഗ്യം തന്നെ കടാക്ഷിക്കുമെന്ന് കരുതിയതേയില്ല. തിരുവോണം ബംബറിന്റെ ഒന്നാം സമ്മാനമടിച്ചത് പുനലൂരില്‍ നിന്നുള്ള ടിക്കറ്റിനാണെന്ന് ടിവിയില്‍ കാണിച്ചപ്പോഴും ടിക്കറ്റ് പരിശോധിക്കാന്‍ വിജയന്‍ പിള്ള മിനക്കെട്ടില്ല. പിന്നീട് മാത്ര സ്വദേശിയ്ക്കാണ് സമ്മാനമെന്ന് അറിഞ്ഞപ്പോഴാണ് സ്വന്തം ടിക്കറ്റ് പരിശോധിച്ചത്.
തുടര്‍ന്ന് സഹോദരന്റെ മകനും പൊലീസുകാരനുമായ രാജേഷിനെ വിളിച്ച് സമ്മാനം തനിക്ക് തന്നെയെന്ന് ഉറപ്പിച്ചു. സമ്മാനര്‍ഹമായ ടിക്കറ്റ് ദേശസാത്കൃത ബാങ്കുകകളെ ഏല്‍പ്പിക്കാതെ സ്വന്തം ഗ്രാമത്തിലെ മാത്ര സര്‍വീസ് സഹകരണ ബാങ്കിന് തന്നെ നല്‍കി വിജയന്‍ തന്റെ സാമൂഹിക പ്രതിബദ്ധതയും തെളിയിച്ചു. വന്‍ നിക്ഷേപം കാത്തിരുന്ന സഹകരണ ബാങ്കിനും ഇതൊരു ബംബറായി.
അപൂര്‍വ്വമായി മാത്രം ലോട്ടറിയെടുക്കാറുള്ള വിജയന്‍ പിള്ളയ്ക്ക് ഇതിന് മുന്‍പ് ലോട്ടറിയില്‍ നിന്ന് വലിയ സമ്മാനങ്ങളൊന്നും ലഭിച്ചിട്ടില്ല. ആറു വര്‍ഷത്തോളം സൗദിയില്‍ ഇലക്ട്രീഷ്യനായി ജോലി നോക്കിയ ഇദ്ദേഹം 1988ലാണ് മൂടറ മുക്കില്‍ പലചരക്ക് വ്യാപാരം തുടങ്ങിയത്. ഭാര്യ പത്മ. അനിത, അനൂപ് എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications