വിവാദ സിനിമയ്ക്ക് പിന്നാലെ കാര്‍ട്ടൂണും
പാരിസ്: ഇസ്ലാം മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ ഉള്‍പ്പെട്ട സിനിമയ്‌ക്കെതിരെ പ്രതിഷേധമുയരുന്നതിനിടെ മുഹമ്മദ് നബിയെ അവഹേളിക്കുന്ന കാര്‍ട്ടൂണ്‍ ഫ്രഞ്ച് വാരികയില്‍ പ്രത്യക്ഷപ്പെട്ടു. ചാര്‍ലീ ഹെബ്ദോയെന്ന ആക്ഷേപ ഹാസ്യ വാരികയാണ് വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ഇതെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ എംബസികള്‍ക്ക് ഫ്രാന്‍സ് ജാഗ്രതാ നിര്‍ദേശം നല്‍കി. 20 രാജ്യങ്ങളിലെ ഫ്രഞ്ച് കോണ്‍സുലേറ്റ്‌സ്, സാസ്‌കാരിക കേന്ദ്രങ്ങള്‍, എംബസികള്‍, ഇന്റര്‍നാഷണല്‍ ഫ്രഞ്ച് സ്‌കൂള്‍സ് എന്നിവയ്ക്കു വെള്ളിയാഴ്ച അവധി നല്‍കിയിട്ടുണ്ട്.
ജനസംഖ്യയില്‍ 10 ശതമാനത്തോളം മുസ്ലീങ്ങളുള്ള രാജ്യമാണ് ഫ്രാന്‍സ്. കാര്‍ട്ടൂണിന്റെ പേരില്‍ ആക്രമണം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള മുഴുവാന്‍ രാജ്യങ്ങളിലും എംബസികളുടെ സുരക്ഷ ശക്തിപ്പെടുത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഫ്രഞ്ച് മന്ത്രി അറിയിച്ചു. പാരിസിലുള്ള വാരികയുടെ ഓഫീസിനും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മാര്‍പാപ്പ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ മതപുരോഹിതരെ അവഹേളിക്കുന്ന കാര്‍ട്ടൂണുകള്‍ വരച്ച് മുന്‍പും വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട് ചാര്‍ലീ ഹെബ്ദോ. എന്നാല്‍ കാര്‍ട്ടൂണില്‍ പ്രകോപനപരമായി ഒന്നുമില്ലെന്നും ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണെന്നുമാണ് വാരികയുടെ എഡിറ്റര്‍ സ്‌റ്റെഫാനെ ചാര്‍ബോനിയര്‍ അഭിപ്രായപ്പെടുന്നത്.
അതേസമയം കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് തെറ്റായ നടപടിയാണെന്ന് പാരിസ് ഗ്രാന്‍ഡ് മോസ്‌ക് പുരോഹിതന്‍ ദലീല്‍ ബാബാക്യൂര്‍ പറഞ്ഞു. എന്നാല്‍ ഇതിന്റെ പേരില്‍ ആക്രമണങ്ങള്‍ നടത്തരുതെന്ന് വിവിധ മുസ്ലീം മതനേതാക്കള്‍ ജനങ്ങളോടഭ്യര്‍ഥിച്ചിട്ടുണ്ട്.












Click it and Unblock the Notifications