കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിന്റെ ആനക്കൊമ്പ് കേസ് അട്ടിമറിയ്ക്കുന്നു?

  • By Ajith Babu
Google Oneindia Malayalam News

Mohanlal
കോഴിക്കോട്: മോഹന്‍ലാലിന്റെ വസതിയില്‍നിന്ന് ആനക്കൊമ്പുകള്‍ കണ്ടെത്തിയ കേസിന്റെ അന്വേഷണം അട്ടിമറിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.
വനംവന്യജീവി നിയമപ്രകാരം വനംവകുപ്പ് ലാലിനെതിരേ കേസെടുത്ത് എഫ്‌ഐആര്‍. കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും തുടര്‍നടപടി ഉണ്ടാകാത്തതാണ് ഇങ്ങനെയൊരു ആരോപണത്തിന് വഴിമരുന്നിട്ടിരിയ്ക്കുന്നത്. മോഹന്‍ലാലിന് അനുകൂലമായി മന്ത്രി ഗണേഷ്‌കുമാര്‍ നിലപാടു സ്വീകരിച്ചതാണ് അന്വേഷണം എങ്ങുമെത്താതിരിക്കാന്‍ കാരണമെന്നും ആരോപണമുയരുന്നുണ്ട്.

2011 ജൂലൈ 15ന് ആദായനികുതി ഉദ്യോഗസ്ഥര്‍ ലാലിന്റെ എറണാകുളം തേവരയിലെ വിദ്യാവിഹാര്‍ റോഡിലെ വിസ്മയ ഹൗസില്‍ റെയ്ഡ് നടത്തിയപ്പോഴാണു ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. വനംവകുപ്പിന്റെ പരിധിയില്‍പെട്ട വിഷയമായതിനാല്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ കേസെടുത്തില്ല. എന്നാല്‍, വനംവകുപ്പ് ലാലിന്റെ വീട്ടില്‍ പരിശോധന നടത്താനോ കേസെടുക്കാനോ തുനിഞ്ഞതുമില്ല.

ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 21ന് മലയാറ്റൂര്‍ ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ മഹസര്‍ തയാറാക്കിയെങ്കിലും കഴിഞ്ഞ ജൂണ്‍ 12നാണു എഫ്.ഐ.ആര്‍. സമര്‍പ്പിച്ചത്. പരിശോധനകള്‍ നടത്തി കണ്ടെടുത്തത് ആനക്കൊമ്പാണെന്ന് ഉദ്യോസ്ഥര്‍ സ്ഥിരീകരിച്ചിരുന്നു. 1986ലെ കൈവശ സര്‍ട്ടിഫിക്കറ്റാണ് മോഹന്‍ലാലിനുവേണ്ടി ഹാജരാക്കിയത്. വനം വസ്തുക്കള്‍ കൈവശമുള്ളവര്‍ക്കു ലൈസന്‍സ് സ്വന്തമാക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കിലും മോഹന്‍ലാല്‍ അതിനു ശ്രമിച്ചിരുന്നില്ലെന്നും പറയപ്പെടുന്നു.

ആനക്കൊമ്പ് കസ്റ്റഡിയിലെടുക്കാനോ കോടതിയില്‍ ഹാജരാക്കാനോ വനംവകുപ്പ് തയാറാകാത്തതും സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.
ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ മോളിക്കുലാര്‍ ബയോളജി, മണ്ണുത്തിയിലെ വൈല്‍ഡ്‌ലൈഫ് ലബോറട്ടറി, തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി എന്നിവിടങ്ങളിലാണ് ഇവ പരിശോധനയ്ക്ക് അയയ്‌ക്കേണ്ടതെങ്കിലും അതിനും അവര്‍ തയാറായില്ല.

ഇതിനിടെ മോഹന്‍ലാലിനെ രക്ഷിക്കാന്‍ വനം വന്യജീവി നിയമം ഭേദഗതി ചെയ്യുകയെന്ന ലക്ഷ്യത്തോടെ, വനവുമായി ബന്ധപ്പെട്ട സാധനങ്ങള്‍ കൈവശംവയ്ക്കുന്നവര്‍ക്ക് അതു സ്വയം പ്രഖ്യാപിക്കാന്‍ സമയം അനുവദിക്കണമെന്നു കാണിച്ചു വനംമന്ത്രിയുടെ ഓഫീസില്‍നിന്നു കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനു കത്തെഴുതി. എന്നാലിത് അംഗീകരിയ്ക്കാന്‍ കേന്ദ്രം തയാറായില്ല. ഇതോടെ ഈ നീക്കവും പാളി.

തുടര്‍ന്നാണ് ജൂണ്‍ 12നു മോഹന്‍ലാലിനെ ഒന്നാം പ്രതിയാക്കി പെരുമ്പാവൂര്‍ കോടതിയില്‍ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചത്. തൃശൂര്‍ കുട്ടനല്ലൂര്‍ ഹൗസിംഗ് കോളനി ഹില്‍ ഗാര്‍ഡനില്‍ താമസിക്കുന്ന പി.എന്‍. കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ 'നയന'ത്തില്‍ കെ. കൃഷ്ണകുമാര്‍ എന്നിവരാണു രണ്ടും മൂന്നും പ്രതികള്‍.

ജാമ്യമില്ലാ കുറ്റമാണെങ്കിലും ലാലിനെ ചോദ്യം ചെയ്യുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. മന്ത്രിയുടെ വിശ്വസ്തനാണ് കേസ് അന്വേഷിക്കുന്ന ഡി.എഫ്.ഒയെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

English summary
Forest department trying to sabotage Mohanlal tusk case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X