വിവാദസംവിധായകന്റെ തലയ്ക്ക് പാക് മന്ത്രി വിലയിട്ടു

റെയില്‍വേ മന്ത്രി ഗുലാം അഹമ്മദ് ബിലൗര്‍ ആണ് കഴിഞ്ഞദിവസം സിനിമ സംവിധായകന്റെ തലയ്ക്ക് ഇനാം പ്രഖ്യാപിച്ചത്. പാരിതോഷികം സ്വന്തം കൈയില്‍നിന്ന് നല്‍കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഈ 'വിശുദ്ധയജ്ഞ'ത്തില്‍ പങ്കുചേരാന്‍ താലിബാന്‍, അല്‍ഖ്വെയ്ദ തീവ്രവാദികളോടും ബിലൗര്‍ ആവശ്യപ്പെട്ടു. കൊല നടത്താന്‍ പ്രേരിപ്പിക്കുന്നത് കുറ്റമാണെന്ന് സമ്മതിച്ച മന്ത്രി പക്ഷേ, മുഹമ്മദ് നബിയുടെ പേരില്‍ തൂക്കിലേറാന്‍ തയ്യാറാണെന്നും വ്യക്തമാക്കി.
ആരെയാണ് വധിക്കേണ്ടതെന്ന് മന്ത്രി ബിലൗര്‍ പേരെടുത്തുപറഞ്ഞില്ലെങ്കിലും, ചലച്ചിത്രത്തിന്റെ സംവിധായകനെന്നു കരുതപ്പെടുന്ന യു.എസ്. പൗരന്‍ നകൗല ബാസലി നകൗലയെയാണ് ഉന്നമിട്ടതെന്ന് വ്യക്തമാണ്. മന്ത്രിയുടെ പ്രസ്താവനയില്‍ പ്രധാനമന്ത്രി രാജ പര്‍വേസ് അഷ്‌റഫിന്റെ ഓഫിസും ഇക്കാര്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി. ബിലൗറിന്റെ പ്രസ്താവനയില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നും പിഎംഒ അറിയിച്ചു.
അവാമി നാഷണല്‍ പാര്‍ട്ടിയുടെ നേതാവാണ് ബിലൗര്‍. പാര്‍ട്ടി നേതൃത്വത്തെ പ്രതിഷേധം അറിയിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. അതേസമയം, ഭരണകക്ഷിയായ പിപിപിയും അവാമി പാര്‍ട്ടിയുമായുള്ള സൗഹൃദത്തെ ഇത് ബാധിക്കില്ല. റെയില്‍വേ മന്ത്രിക്കെതിരേ നടപടി സ്വീകരിക്കാനുള്ള സാധ്യത സര്‍ക്കാര്‍ തള്ളിയിട്ടില്ല.
ബിലൗറിന്റെ പ്രസ്താവന വ്യക്തിപരമാണെന്നും പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്വമില്ലെന്നും അവാമി നേതൃത്വം അറിയിച്ചിട്ടുണ്ട്.
നബിയെ അവഹേളിക്കുന്ന അമേരിക്കന്‍ സിനിമയ്‌ക്കെതിരെ പാകിസ്താനില്‍ നടന്ന പ്രതിഷേധപ്രകടനങ്ങള്‍ക്കിടെ വെള്ളിയാഴ്ച 23 പേര്‍ കൊല്ലപ്പെടുകയും ഇരുനൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, വിവാദ സിനിമയ്‌ക്കെതിരേയുള്ള പ്രതിഷേധത്തിനിടെ അക്രമം അഴിച്ചുവിട്ടതിന്റെ പേരില്‍ 6000 പേര്‍ക്കെതിരേ കേസെടുത്തതായി പാക് പൊലീസ്. 36 പേരെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ടിവി ചാനലുകളില്‍ കാണിച്ചതു പ്രകാരവും സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയുമാണ് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications