വയലേലകളെ കാക്കാന്‍ കുട്ടികളുടെ ഹരിതസേന
വികസനകുതിപ്പിനിടയില്‍ എന്തിനാണ് വയലുകളെ സംരക്ഷിക്കുന്നതെന്ന മൊണ്ടെക് സിങ് അലുവാലിയമാരുടെ ചോദ്യങ്ങളുടെ കാലത്ത്, വയലേലകള്‍ പ്രകൃതിയുടെ കാവല്‍ക്കാര്‍ എന്ന സന്ദേശവുമായി രംഗത്തെത്തിയ വിദ്യാര്‍ത്ഥി കൂട്ടായ്മ ഏറെ ശ്രദ്ധേയമാകുന്നു. വിളകൊയ്യേണ്ട പാടങ്ങള്‍ മണ്ണിട്ടുനിരത്തി എല്ലാ നിയമങ്ങളെയും പരസ്യമായി കാറ്റില്‍ പറത്തി കുന്നുകള്‍ ഇടിച്ചുനിരത്തുകയും ചെയ്യുന്ന മാഫിയാ വാഴ്ചക്കെതിരേ രംഗത്തുവന്ന ഈ കുരുന്നുകളുടെ ഇടപെടല്‍ മുതിര്‍ന്നവര്‍ക്കു പോലും തിരിച്ചറിവ് പകരും വിധം ശക്തമായിരുന്നു.

കാഞ്ഞങ്ങാട് കൂട്ടക്കനി സ്‌കൂളിലെ ഹരിതസേനാംഗങ്ങളും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന് ചിറക്കാല്‍ പാടശേഖരത്തിന് ചുറ്റും പ്രതീകാത്മക സംരക്ഷണ മതില്‍ തീര്‍ക്കുകയായിരുന്നു. ഹരിതസേന കോര്‍ഡിനേറ്റര്‍ മനോജ് പിലിക്കോടിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും വയല്‍സംരക്ഷണപ്രതിജ്ഞയെടുത്തു. കൂട്ടക്കനി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ പവിത്രന്‍ വയലുകളുടെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു.
പിവി ബാബു, എം രാമകൃഷ്ണന്‍, യു പ്രഭ, ടി ബിന്ദു, രാജേഷ് കൂട്ടക്കനി എന്നിവര്‍ പ്രതീകാത്മക സംരക്ഷണ മതിലിന് നേതൃത്വം നല്‍കി. വയല്‍ സംരക്ഷണനിയമങ്ങള്‍ അട്ടിമറിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇതിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന നിവേദനം മുഖ്യമന്ത്രിക്ക് ഹരിതസേനാംഗങ്ങള്‍ അയയ്ക്കുകയും ചെയ്തു.
'അരി'യുണ്ടാകുന്ന ചെടി ഏതാണെന്ന് ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ അത്ഭുതം കൂറുന്ന ഇക്കാലത്ത് വയലേലകളില്‍ ഇറങ്ങിനിന്ന് ആ പച്ചപ്പ് എക്കാലവും സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന ഈ കുരുന്നുകളെ നാം അഭിനന്ദിക്കുക തന്നെ വേണം.












Click it and Unblock the Notifications