കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷ്മണയുടെ മോചനം: നക്‌സലുകള്‍രണ്ടുതട്ടില്‍

Google Oneindia Malayalam News

Lakshmana
മുന്‍ ഐ ജി ലക്ഷ്മണയെ ജയില്‍ വിമുക്തനാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മുന്‍ നക്‌സലുകളും നക്‌സല്‍ സംഘടനകളും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നത. നക്‌സല്‍ വര്‍ഗീസിനെ വെടിവച്ചുകൊന്ന കേസിലെ പ്രതിയായ മുന്‍ ഐ ജി ലക്ഷ്മണയ്‌ക്കെതിരെ കേസ് നടത്തി ശിക്ഷ വാങ്ങിക്കൊടുത്തതിന് നേതൃത്വം നല്‍കിയ ഗ്രോ വാസു ഉള്‍പ്പെടെയുള്ളവര്‍ ലക്ഷ്മണയെ ജയില്‍ മുക്തനാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ അനുകൂലിച്ച് പ്രസ്താവന നടത്തിയതിനെതിരെയാണ് സി പി ഐ (എം എല്‍) റെഡ്ഫഌഗ് നേതാക്കളും വര്‍ഗീസിന്റെ സഹോദരങ്ങളും രംഗത്തെത്തിയത്.

വര്‍ഗീസ് വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ ഐ ജി ലക്ഷ്മണയെ 75 വയസ് കഴിഞ്ഞു എന്ന ആനുകൂല്യം നല്‍കി വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിന് അനുകൂലമായ ഗ്രോ വാസു ഉള്‍പ്പെടെ മുന്‍ നക്‌സലൈറ്റുകളുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് സി പി ഐ (എം എല്‍) റെഡ് ഫഌഗ് സംസ്ഥാന സെക്രട്ടറി പി സി ഉണ്ണിച്ചെക്കന്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വര്‍ഗീസിനെ പോലീസ് ആസൂത്രിതമായി വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന യാഥാര്‍ഥ്യം വെളിച്ചത്തുകൊണ്ടുവരുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ഗ്രോ വാസു. വര്‍ഗീസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് രണ്ടുവര്‍ഷം തികയും മുന്‍പ് ലക്ഷ്ണയെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെ ഗ്രോ വാസു ശരിവയ്ക്കുന്നതില്‍ അനൗചിത്യമുണ്ടെന്ന് ഉണ്ണിച്ചെക്കന്‍ പറഞ്ഞു.

ലക്ഷ്മണയെ ജയില്‍മോചിതനാക്കാനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ഉണ്ണിച്ചെക്കന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഒപ്പുശേഖരണ കാമ്പയിന്‍ നടത്താനും സര്‍ക്കാരിന് നിവേദനം നല്‍കാനും റെഡ് ഫഌഗ് തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. 75 വയസ് കഴിഞ്ഞ നിരവധി തടവുകാര്‍ കേരളത്തിലെ ജയിലുകളിലുണ്ട്. അവരോടൊന്നും തോന്നാത്ത കരുണ ലക്ഷ്മണയോട് കാണിക്കുന്നതിനു പിന്നില്‍ ഭരണകൂടത്തിന്റെ മനുഷ്യസ്‌നേഹത്തിന്റെ ലക്ഷണങ്ങള്‍ കാണാന്‍ കഴിയില്ല. ഭരണകൂടത്തിന്റെ ഇച്ഛ നടപ്പിലാക്കിയ ഒരു ഉദ്യോഗസ്ഥനോടുള്ള ഉത്തരവാദിത്തം നിറവേറ്റാനുള്ള വ്യഗ്രതയാണ് സര്‍ക്കാര്‍ കാട്ടുന്നത്.ലക്ഷ്മണയെ മോചിപ്പിക്കാനുള്ള ശ്രമം ജനാധിപത്യത്തോടും നീതിന്യായവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണ്. വര്‍ഗീസ് കേസിന്റെ വിചാരണവേളയില്‍ നല്‍കാന്‍ കഴിയാതെപോയ സംരക്ഷണമാണ് നിയമത്തിലെ പഴുതുകളും അധികാരത്തിന്റെ സൗകര്യങ്ങളും ഉപയോഗിച്ച് ലക്ഷ്മണയ്ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ച എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി രാജന്റെ കൊലപാതകത്തിലും പ്രധാന പങ്കുള്ളതായി കരുതുന്ന ലക്ഷ്മണയെ മോചിപ്പിക്കുമ്പോള്‍ കോടതി വിധിയെ കുറുക്കുവഴിയിലൂടെ നിഷ്ഫലമാക്കുകയും കുറ്റവാളികള്‍ക്കൊപ്പമാണ് തങ്ങളുടെ മനസെന്ന് പ്രഖ്യാപിക്കുകയും ചെയ്യുകയാണ് ഭരണകൂടമെന്നും ഉണ്ണിച്ചെക്കന്‍ പറഞ്ഞു. വര്‍ഗീസിന്റെ സഹോദരങ്ങളായ എ തോമസ്, എ ജോസഫ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

നക്‌സല്‍ വര്‍ഗീസിനെ വെടിവച്ചുകൊന്ന കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരെ കോടതിയില്‍ കുറ്റമേറ്റുപറയാന്‍ പ്രേരിപ്പിച്ചതും തുടര്‍ന്ന് വര്‍ഗീസ് വധത്തെക്കുറിച്ച് പുനരന്വേഷണം നടത്താനുള്ള കോടതിയുത്തരവ് സമ്പാദിക്കാനും തുടര്‍ന്ന് ലക്ഷ്മണയടക്കമുള്ളവരുടെ ക്രൂരതകള്‍ പുറത്തുകൊണ്ടുവരാനും മുന്‍കൈ എടുത്തതും നക്‌സല്‍ വര്‍ഗീസിന്റെ സന്തത സഹചാരിയായിരുന്ന ഗ്രോ വാസുവായിരുന്നു. ഇപ്പോള്‍ മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്ന ഗ്രോ വാസു ഉള്‍പ്പെടെയുള്ള മുന്‍കാല നക്‌സലുകള്‍ ലക്ഷ്മണയെ ജയില്‍വിമുക്തനാക്കുന്ന സര്‍ക്കാര്‍ നടപടിയെ അനുകൂലിച്ചതാണ് വര്‍ഗീസിന്റെ സഹോദരങ്ങളെയും നക്‌സലുകളെയും പ്രകോപിതരാക്കിയത്.

English summary
Government Trying to release ex IG K Lakshmana, who sentenced to life imprisonment by a CBI Special Court on Thursday in the case relating to the killing of Naxalite leader A. Varghese in a fake encounter. One Naxal organisation strongly against this movement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X