തിരുവനന്തപുരം: നഴ്‌സുമാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് ഏകീകൃത തൊഴില്‍ നയം രൂപീകരിക്കണം എന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ ആവശ്യപ്പെട്ടു. ഇത് വളരെ അത്യാവശ്യമാണ് എന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്.
നഴ്‌സുമാരുടെ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കാനുള്ള നടപടിയും ഉണ്ടാവണം എന്നും തൊഴില്‍ മന്ത്രി അഭിപ്രായപ്പെട്ടു. തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസ രംഗത്ത് ഉന്നത പഠനത്തിന് അവസരം ഒരുക്കണം എന്നും കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടും.
ഇക്കാര്യങ്ങള്‍ ബുധനാഴ്‌ച ദില്ലിയില്‍ നടക്കാനിരിക്കുന്ന തൊഴില്‍ മന്ത്രിമാരുടെ യോഗത്തില്‍ ഉന്നയിക്കും എന്നും അദ്ദേഹം അറിയിച്ചു.