ഇനിയും പാവങ്ങളുടെ കഴുത്ത് ഞെരിക്കണം-കേല്‍ക്കര്‍
ദില്ലി: കടുത്ത സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ തുടരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കേല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ പ്രതിസന്ധി തരണം ചെയ്യാന്‍ സബ്‌സിഡികള്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കണമെന്നാവശ്യപ്പെട്ട കേല്‍ക്കര്‍ കമ്മിറ്റി ഉടന്‍തന്നെ പാചകവാതകസിലിണ്ടറിന് 50 രൂപയും ഡീസലിനു ലിറ്ററിനു നാലു രൂപയും മണ്ണെണ്ണയ്ക്ക് രണ്ടു രൂപയും ഉടന്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനു ശുപാര്‍ശ നല്‍കി.
ഭക്ഷ്യസബ്‌സിഡി വെട്ടിക്കുറയ്ക്കണമെന്നും യൂറിയയുടെ വില കൂട്ടണമെന്നും കമ്മിറ്റി സെപ്തംബര്‍ ഒന്നിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. റിപ്പോര്‍ട്ട് വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. എന്നാല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത പ്രകാരമുള്ള സബ്‌സിഡി വെട്ടിക്കുറയ്ക്കല്‍ അതേപടി അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രധനമന്ത്രാലയം വ്യക്തമാക്കി.
ധനക്കമ്മി കുറച്ച് സന്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി ധനമന്ത്രി പി. ചിദംബരമാണ് ധനകാര്യകമ്മിഷന്‍ മുന്‍ ചെയര്‍മാന്‍ വിജയ് കേല്‍ക്കറുടെ നേതൃത്വത്തില്‍ കമ്മിറ്റിയെ നിയോഗിച്ചത്.
സാന്പത്തികപരിഷ്‌കരണ നടപടികള്‍ കൊണ്ടുവന്നില്ലെങ്കില്‍ ഈ വര്‍ഷം ധനക്കമ്മി വന്‍തോതില്‍ വര്‍ദ്ധിച്ച് 6.1 ശതമാനത്തിലെത്തുമെന്ന് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ട്. നികുതി വരുമാനത്തില്‍ 60,000 കോടിയുടെ ഇടിവുണ്ടാകുമെന്നും സബ്‌സിഡിക്കു മാത്രമായി 70,000 കോടി രൂപ നീക്കിവയ്‌ക്കേണ്ടിവരുമെന്നുമുള്ള തരത്തിലുള്ള ആശങ്കകള്‍ ഉയര്‍ത്തിയാണ് സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ തുടരണമെന്ന ശുപാര്‍ശ കമ്മിറ്റി നല്‍കിയിരിക്കുന്നത്.
2014 ആകുന്‌പോഴേയ്ക്കും ഡീസല്‍ വിലനിയന്ത്രണം പൂര്‍ണ്ണമായി എടുത്തുകളയണം. ഇതിനായി സബ്‌സിഡിയുടെ പകുതി ഈ വര്‍ഷവും ബാക്കി പകുതി അടുത്തവര്‍ഷവും ഒഴിവാക്കണം. പാചകവാതക സബ്‌സിഡി അടുത്ത 2015 ആകുന്‌പോഴേയ്ക്കും പൂര്‍ണമായി നിര്‍ത്തലാക്കണം. ദമണ്ണെണ്ണ സബ്‌സിഡി ഈ കാലയളവില്‍ ഇപ്പോഴത്തേതിന്റെ മൂന്നിലൊന്നായി ചുരുക്കണം. തുടങ്ങിയവയാണ് കമ്മിറ്റിയുടെ മറ്റു പ്രധാന ശുപാര്‍ശകള്‍.
കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകള്‍ അംഗീകരിച്ചാല്‍ ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും ജീവിയ്ക്കാന്‍ കഴിയാത്ത രാജ്യമായി ഇന്ത്യ മാറുമെന്ന് ഉറപ്പാണ്. ഇപ്പോള്‍ തന്നെ അന്തമില്ലാത്ത വിലക്കയറ്റം കൊണ്ട് നട്ടം തിരിയുന്ന സാധാരണക്കാരനെ നേരിട്ട് ബാധിയ്ക്കുന്ന രീതിയിലുള്ള ശുപാര്‍ശകളാണ് കേല്‍ക്കര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുള്ളത്. ശുപാര്‍ശകള്‍ കണ്ണുംപൂട്ടി നടപ്പാക്കിയാല്‍ രാജ്യത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുമെന്ന തിരിച്ചറിവ് സര്‍ക്കാരിനുണ്ട്. അതുകൊണ്ട് കേല്‍ക്കര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അതേപടി നടപ്പാക്കാന്‍ സര്‍ക്കാര്‍ തുനിയില്ലെന്നുറപ്പാണ്.












Click it and Unblock the Notifications