ഇനി കേരളത്തിലും വനിതാ തുറന്ന ജയില്‍

ഇതോടെ രാജ്യത്തെ രണ്ടാമത്തെ തുറന്ന ജയില്‍ എന്ന കേരളത്തിന് അവകാശപ്പെട്ടതാകും. നിലവില്‍ മഹാരാഷ്ട്രയിലെ യെര്‍വാദയില്‍ മാത്രമാണ് ഇന്ത്യയില്‍ വനിതാ ഓപണ്‍ ജയില്‍ ഉള്ളത്. അപേക്ഷ നല്‍കി ഒരു വര്‍ഷത്തിന് ശേഷമാണ് വനിതാ തുറന്ന ജയിലിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിനു സമീപമുള്ള ജയില്‍ വാര്‍ഡന്‍മാരുടെ ട്രെയിനിങ് സെന്ററാണ് തുറന്ന ജയിലാക്കി മാറ്റുക. വനിതാ തടവുകാരുടെ സാമ്പത്തിക, സാമൂഹ്യ സുരക്ഷിതത്വം ഉറപ്പു വരുത്തുകയാണ് തുറന്ന ജയിലുകളുടെ ലക്ഷ്യം.
സാധാരണ ജയിലുകളില്‍ ലഭിക്കുന്നതിനേക്കാള്‍ ദിവസ വേതനം ലഭിക്കും തുറന്ന ജയിലില്‍ എന്നതാണ് തുറന്ന ജയിലുകളുടെ ഒരു പ്രത്യേകത. 53 രൂപയാണ് സാധാരണ ജയിലുകളില്‍ ദിവസ വേതനം. ഇതുതന്നെ വെയില്‍ ഏല്‍ക്കാത്ത ജോലിയാണെങ്കില്‍ 35 രൂപയായി കുറയും. എന്നാല്‍ തുറന്ന ജയിലുകളില്‍ 117 രൂപയായിരിക്കും ദിവസ വേതനം.
തൊഴില്‍ പരിശീലനത്തിന് മെച്ചപ്പെട്ട സൗകര്യം ലഭിക്കും എന്നതും തുറന്ന ജയിലുകളുടെ പ്രത്യേകതയാണ്. നിലവില്‍ വനിതാ തടവുകാര്‍ക്ക് തയ്യല്‍, എംബ്രോയിഡറി തുടങ്ങിയവയില്‍ പരിശീലനം ലഭിക്കുന്നുണ്ട്. പച്ചക്കറി കൃഷി, പശു പരിപാലനം, കമ്പ്യൂട്ടര്‍ തുടങ്ങിവയിലും കൂടി പരിശീലനം ലഭിക്കും തുറന്ന ജയിലുകളിലൂടെ.
215 വനിതാ തടവുകാരാണ് സംസ്ഥാനത്തെ ജയിലുകളില്‍ ഇപ്പോള്‍ ആകെയുള്ളത്. ഇതില്‍ വെറും 14 പേര്‍ മാത്രമാണ് വനിതാ തുറന്ന ജയിലിലേക്ക് യോഗ്യത നേടിയിരിക്കുന്നത്.
കേരളത്തില്‍ പുരുഷ തടവുകാര്‍ക്കായി രണ്ട് തുറന്ന ജയിലുകള്‍ ഉണ്ട്. നെട്ടുകാല്‍ത്തേരിയിലും ചീമേനിയിലും ആണിത്. തൊഴില്‍ പരിശീലനം നേടി ജയിലില്‍ നിന്നും പുറത്തു പോകുന്ന തടവുകാര്‍ തിരിച്ച് കുറ്റകൃത്യങ്ങളിലേക്ക് തിരിയാതെ തൊഴില്‍ ചെയ്‌ത ജീവിക്കുന്നില്ല എന്ന നിരീക്ഷണത്തില്‍ നിന്നാണ് വനിതകള്‍ക്കു കൂടി തുറന്ന ജയില്‍ സ്ഥാപിക്കുക എന്ന തീരുമാനത്തില്‍ എത്തിയത്.












Click it and Unblock the Notifications