സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 918 രൂപ

ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 918.50 രൂപയായിരിക്കും. 797.50 രൂപയായിരുന്നു അടിസ്ഥാനവില. മറ്റു വിഭാഗങ്ങള്‍-ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ 1137.50 രൂപ ( 978.50 രൂപ). ഹോട്ടലുകള്‍ ഉള്‍പ്പെടെ മറ്റ് വാണിജ്യാവശ്യങ്ങള്‍ 1648.50 രൂപ (1435). പുതുക്കിയ വില തിങ്കളാഴ്ച തന്നെ നിലവില്‍വന്നു. എല്ലാ മാസവും ആദ്യപ്രവൃത്തിദിനത്തില്‍ യോഗം ചേര്‍ന്ന് സബ്‌സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറുകളുടെ വില പരിഷ്‌കരിക്കാനും തീരുമാനമായി. അന്താരാഷ്ട്ര വിപണിയില്‍ വില കൂടുതലെങ്കില്‍ വില വര്‍ധിപ്പിക്കുകയും കുറവെങ്കില്‍ വില കുറയ്ക്കുകയും ചെയ്യും. എന്നാല്‍ സബ്‌സിഡിയുള്ള സിലിണ്ടറുകളെ വില വ്യതിയാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുള്ളതുപോലെ ഇടക്കിടെ എല്‍.പി.ജി സിലിണ്ടറുകള്‍ക്കും വില വര്‍ധിക്കുമെന്ന് ഉറപ്പായി.
സബ്‌സിഡി നിരക്കിലുള്ള എല്‍.പി.ജി സിലിണ്ടറുകളുടെ എണ്ണം ആറായി പരിമിതപ്പെടുത്തിയതിന് പിന്നാലെയാണ് വന്‍ലാഭം ലക്ഷ്യമിട്ട് എണ്ണക്കമ്പനികള്‍ സിലിണ്ടറുകളുടെ വില ഉയര്‍ത്തിയിരിക്കുന്നത്. നേരത്തേ, സബ്‌സിഡി രഹിത സിലിണ്ടറുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ 797.50 രൂപ നല്‍കണമെന്നായിരുന്നു എണ്ണക്കമ്പനികള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഇതിന് വിപരീതമായി തിങ്കളാഴ്ച ഉച്ചക്കുശേഷം നിരക്ക് വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിക്കുകയായിരുന്നു.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആറു സിലിണ്ടറുകള്‍ക്ക് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി നല്‍കുക. കോണ്‍ഗ്രസ് ഭരിയ്ക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ സ്വന്തം ചെലവില്‍ മൂന്നു സിലിണ്ടറുകള്‍ക്ക് കൂടി സബ്‌സിഡി നല്‍കും.
സംസ്ഥാനത്തെ ഭൂരിഭാഗം കുടുംബങ്ങളും പ്രതിവര്‍ഷം ആറില്‍ കൂടുതല്‍ സിലിണ്ടറുകള്‍ ഉപയോഗിക്കുന്നവരാണെന്നാണ് കണക്ക്. ഈ സാഹചര്യത്തില്‍ എല്‍.പി.ജി സിലിണ്ടറുകളുടെ വിലവര്‍ധന വിലക്കയറ്റത്തില്‍ നട്ടംതിരിയുന്ന കേരളത്തിന് കനത്ത തിരിച്ചടിയാകും.












Click it and Unblock the Notifications