കടയടപ്പ് സമരം തുടങ്ങി; ഹോട്ടലുകളും തുറക്കില്ല

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, വിദേശകുത്തകകളെ ഇന്ത്യയില്‍നിന്ന് പുറത്താക്കുക, വാടകനിയന്ത്രണ നിയമം പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്കെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനും വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജുവും അറിയിച്ചു.
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സംസ്ഥാനത്തെ വ്യാപാരി സമൂഹത്തെ മൊത്തത്തില്‍ മോശമായി ചിത്രീകരിക്കുകയാണ്. ഫുഡ് സേഫ്റ്റി ഓഫിസര്‍മാര്‍ക്കു മാത്രമേ കടപരിശോധനക്ക് അധികാരമുള്ളൂ. എന്നാല്‍, ചില ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ വ്യക്തിവിദ്വേഷത്തിന്റെയും വൈരാഗ്യത്തിന്റെയും പേരില്‍ കടകളില്‍ അനാവശ്യ പരിശോധന നടത്തി വ്യാപാരികളെ പീഡിപ്പിക്കുകയാണ്.
ചില്ലറ വ്യാപാരികളുടെ തൊഴില്‍ സംരക്ഷണത്തിനുവേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ വാടകകുടിയാന്‍ നിയമത്തില്‍ ഭേദഗതിയുണ്ടാകണം. കാര്‍ഷിക മേഖലയിലെ തകര്‍ച്ച വയനാട്ടിലെ വ്യാപാരമേഖലയിലും മാന്ദ്യമുണ്ടാക്കി. എന്നാല്‍, മുന്‍ വര്‍ഷങ്ങളിലെപ്പോലെ ടാക്‌സ് കിട്ടുന്നില്ലെന്ന് പറഞ്ഞ് ചില വാറ്റ് ഉദ്യോഗസ്ഥര്‍ കടകളില്‍ പരിശോധന നടത്തുകയാണ്. ഇത് അവസാനിപ്പിക്കണമെന്നും സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.
ഹോട്ടലുകളും മരുന്നു ഷോപ്പുകളും പണിമുടക്കില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം മരുന്നു കടകള്‍ തുറക്കുമെന്ന് അറിയിച്ചു. എന്നാല്‍, ഒരുവിഭാഗം ഹോട്ടലുടമകള്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. പണിമുടക്കുന്ന വ്യാപാരികള്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തും.












Click it and Unblock the Notifications