ഷവര്‍മ കഴിച്ച വിദ്യാര്‍ഥി ആശുപത്രിയില്‍

ചങ്ങനാശേരിയില്‍ ഒരു ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ആദില്‍. ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ച ശേഷം യാത്ര തുടങ്ങിയ വിദ്യാര്‍ഥി ചങ്ങനാശേരി എത്തിയപ്പോഴേയ്ക്കും അവശനായി. തുടര്‍ന്ന് ആദിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിവിധ യുവജനസംഘടനകള്‍ ഹോട്ടലിന് മുന്നിലേക്ക് പ്രകടനം നടത്തി.
ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ തെളിവെടുപ്പിനെത്തിയപ്പോള്‍ ചിലര്‍ തടയാന്‍ ശ്രമിച്ചു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ഭക്ഷണസാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. അതേസമയം റെയ്ഡില്‍ പ്രതിഷേധിച്ച് ലിങ്ക് റോഡിലെ മുഴുവന്‍ കടകളും അടച്ചിടാന്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ആഹ്വാനം ചെയ്തു. ഷവര്‍മ വിതരണം ചെയ്ത കടയുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നിര്‍ദേശം നല്‍കി.
മുന്‍പ് വഴുതക്കാട്ടെ സാല്‍വെ കഫെയില്‍ നിന്ന് ഷവര്‍മ കഴിച്ച വിദ്യാര്‍ഥിയ്ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുകയും മരിക്കുകയും ചെയ്തിരുന്നു. ആലപ്പുഴ വിയ്യപുരം മാന്നാത്ത് റോയ് മാത്യുവിന്റെയും സിസി റോയിയുടെയും മകനായ സജിന്‍ മാത്യു റോയ്(21) ആണ് മരിച്ചത്. തിരുവനന്തപുരത്തു നിന്ന് ബാംഗ്ലൂരിലേക്കുള്ള സ്വകാര്യ ലക്ഷ്വറി ബസില്‍ യാത്ര ചെയ്യുന്നതിന് മുമ്പ് വാങ്ങിയ ഷവര്‍മ ബസില്‍ ഇരുന്ന് കഴിച്ച സജിന്‍ പിറ്റേന്ന് ബാംഗ്ലൂരില്‍ വച്ച് മരിയ്ക്കുകയായിരുന്നു.
ഇതേ ഹോട്ടലില്‍ നിന്നും ഷവര്‍മ വാങ്ങിക്കഴിച്ച നടന്‍ ഷോബി തിലകനും കുടുംബത്തിനും മറ്റുപത്തു പേര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതില്‍ പലരും ആശുപത്രിയില്‍ ചികിത്സ തേടി. സാല്‍വെ കഫെ അടച്ചുപൂട്ടാന്‍ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സാല്‍വ കഫേ ഉടമ അബ്ദുള്‍ ഖാദറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തുകയും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ പൂട്ടിയ്ക്കുകയും ചെയ്തു. എന്നാല്‍ പരിശോധനകള്‍ ഫലപ്രദമാവുന്നില്ലെന്നാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്.












Click it and Unblock the Notifications