'വാജ്‌പേയി ബാഗി'ന് വിലക്ക്
സിംല: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഹിമാചല്‍പ്രദേശില്‍ ഭരണകക്ഷിയായ ബിജെപി റേഷന്‍കടകളിലൂടെ വിതരണം ചെയ്ത കാരിബാഗുകള്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ നിരോധിച്ചു. ബിജെപി നേതാവും മുന്‍പ്രധാനമന്ത്രിയുമായ എ.ബി. വാജ്‌പേയിയുടെ ചിത്രം ബാഗില്‍ പതിച്ചതിനാലാണ് ഇതിന് നിരോധനമേര്‍പ്പെടുത്തിയത്. വാജ്‌പേയിയുടെ ചിത്രം പതിച്ച ബാഗ് സൗജന്യമായി വിതരണം ചെയ്യുക വഴി വോട്ടര്‍മാരെ സ്വാധീനിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് കാണിച്ച് പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ ആഗസ്ത് 15മുതലാണ് സര്‍ക്കാര്‍ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്തെ 16 ലക്ഷം റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും സൗജന്യമായി ബാഗ് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ ബാഗ് വിതരണം നിര്‍ത്തി വയ്ക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ്. സമ്പത്ത് ഉത്തരവിടുകയായിരുന്നു.
സംസ്ഥാനത്തു തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനു തടസം നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് വിഎസ് സമ്പത്ത് അഭിപ്രായപ്പെട്ടു. കക്ഷികളെ സഹായിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്നതായുള്ള പരാതി ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം വാര്‍ത്താവിനിമയ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും സമ്പത്ത് വ്യക്തമാക്കി. തിരഞ്ഞെടുപ്പിനു മുമ്പുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുവാനായി സിംലയിലെത്തിയതായിരുന്നു സമ്പത്ത്. നവംബര്‍ നാലിനാണ് ഹിമാചല്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.












Click it and Unblock the Notifications