ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് മൂക്കുകുത്തും: ഐഎംഎഫ്
ദില്ലി: ഇന്ത്യയുടെ ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച അനുമാനം 4.9 ശതമാനമാക്കി അന്താരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്) താഴ്ത്തി. സമീപ വര്‍ഷങ്ങളിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച അനുമാനമാണിത്. ജൂലൈയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 6.2 ശതമാനം വരെ വളര്‍ച്ച നേടുമെന്നായിരുന്നു ഐഎംഎഫ് പ്രവചിച്ചിരുന്നത്.
ഇന്ത്യന്‍ സമ്പദ്ഘടന അസാധാരണമായ അസ്ഥിരത നേരിടുകയാണെന്ന് ഐഎംഎഫ് വിലയിരുത്തുന്നു. സാമ്പത്തിക പരിഷ്‌കാര നടപടികള്‍ മുന്നോട്ടുകൊണ്ടു പോകാന്‍ കഴിയാത്തതും ബിസിനസ് സാഹചര്യങ്ങള്‍ മോശമായതും വിദേശ വ്യാപാര കമ്മി വര്‍ധിച്ചതും ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ് സംഭവിച്ചതുമാണ് സാമ്പത്തിക വളര്‍ച്ച കുറയുമെന്ന വിലയിരുത്തലിന് കാരണമെന്ന് ഐ.എം.എഫ് വ്യക്തമാക്കി.
മികച്ച സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ കര്‍ശനമായിനടപ്പിലാക്കുന്നതിനിടെ പുറത്തുവന്ന ഐഎംഎഫ് റിപ്പോര്‍ട്ട് സര്‍ക്കാരിനേറ്റ തിരിച്ചടിയായാണ് കരുതപ്പെടുന്നത്. ചില്ലറ വ്യാപാരം, പെന്‍ഷന്‍ മേഖലകളിലെ വിദേശ നിക്ഷേപം തുടങ്ങിയവ കൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ അനുമാനം. അതേസമയം പരിഷ്‌ക്കരണങ്ങളുടെ പിന്‍ബലത്തില്‍ 2013ല്‍ സാമ്പത്തിക വളര്‍ച്ച ആറ് ശതമാനമായി ഉയര്‍ന്നേക്കാം.
ഏഷ്യയിലെ മറ്റ് രാജ്യങ്ങളില്‍ പണപ്പെരുപ്പം കുറയാനുള്ള സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ പണപ്പെരുപ്പം ഇനിയും വര്‍ധിക്കുമെന്നാണ് ഐ.എം.എഫ് വിലയിരുയുന്നത്. പണപ്പെരുപ്പം കുറഞ്ഞു തുടങ്ങും വരെ വായ്പാ നയത്തില്‍ മാറ്റങ്ങള്‍ വരുത്തരുതെന്നും റിപ്പോര്‍ട്ട് ഉപദേശിക്കുന്നു.
ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യക്ക് പുറമെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ചൈനയിലും സാമ്പത്തിക വളര്‍ച്ച താഴേക്ക് പോകുമെന്നാണ് ഐ.എം.എഫ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. ഇതോടെ ഏഷ്യന്‍ മേഖലയുടെ സാമ്പത്തിക വളര്‍ച്ച മുമ്പ് പ്രതീക്ഷിച്ചിരുന്ന 7.1 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമായും കുറച്ചിട്ടുണ്ട്.












Click it and Unblock the Notifications