പരിയാരത്ത് ശസ്ത്രക്രിയക്കിടെ ഡോക്ടറെ പുറത്താക്കി
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളെജ് ഭരണ സമിതിക്കെതിരേ അഴിമതിയാരോപണം ഉന്നയിച്ച ഡോക്ടറെ പുറത്താക്കി. കാര്‍ഡിയോളജി വിഭാഗം സീനിയര്‍ സര്‍ജന്‍ ഡോ. പി. കുല്‍ദീപിനെയാണു പുറത്താക്കിയത്. ശസ്ത്രക്രിയ നടത്തുന്നതിനിടെയാണു പുരത്താക്കല്‍ നോട്ടിസ് കൈമാറിയതെന്ന് ആക്ഷേപം.
ആശുപത്രി ഭരണ സമിതിക്കും ആശുപത്രിക്കുമെതിരേ കുല്‍ദീപ് അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മെഡിക്കല്‍ കോളെജ് ഹൃദ്രോഗ വിഭാഗം 'സഹകരണ ഹൃദയാലയ'ത്തില്‍ ലക്ഷങ്ങളുടെ അഴിമതി നടക്കുന്നുവെന്നും കാലപ്പഴക്കം ചെന്ന ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുവെന്നുമായിരുന്നു ആക്ഷേപം.
പരസ്യ പ്രസ്താവന നടത്തിയ ഡോക്ടര്‍ക്ക് ആശുപത്രി മാനെജ്‌മെന്റ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. എന്നാല്‍ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി ഡോക്ടര്‍ അറിയിച്ചു. ഇതോടെ ഭരണ സമിതി പിരിച്ചുവിടല്‍ നോട്ടിസ് നല്‍കുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞതിനു ശേഷം നോട്ടിസ് നല്‍കിയാല്‍ മതിയെന്ന അഭിപ്രായം മാനിക്കാതെയാണു നടപടിയെന്നു മറ്റു ഡോക്ടര്‍മാര്‍ അറിയിച്ചു.
ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന മൂന്ന് ശസ്ത്രക്രിയകളാണ് മുടങ്ങിയത്. പകരം സംവിധാനം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും മറ്റൊരു ഡോക്ടര്‍ ചാര്‍ജ്ജെടുത്തിട്ടില്ല. തുടര്‍ന്നാണ് ശസ്ത്രക്രിയകള്‍ മുടങ്ങിയത്.
അതേസമയം ഡോ.കുല്‍ദീപ് അഡ്മിറ്റ് ചെയ്ത രോഗികളെ മറ്റൊരു ഡോക്ടര്‍ ശസ്ത്രക്രിയ നടത്തേണ്ടെന്ന നിലപാടിലാണ് രോഗികളുടെ ബന്ധുക്കള്‍. പുതിയ സര്‍ജന്‍ ചാര്‍ജ്ജെടുത്താല്‍ സഹകരിക്കേണ്ടതില്ലെന്ന നിലപാടാണ് മറ്റ് ഡോക്ടര്‍മാര്‍ക്കുമുള്ളത്. ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്.


Click it and Unblock the Notifications