ഭൂമിദാനക്കേസ്: വിഎസിനെ ഒഴിവാക്കാന്‍ ഇടപെടല്‍

നടരാജന്‍ ഡിവൈഎസ്പിയുമായി നടത്തിയ സംഭാഷണങ്ങളുടെ ഓഡിയോ സിഡിയും ഉള്‍പ്പെടുത്തി ഉത്തരമേഖലാ വിജിലന്‍സ് എസ്പി നല്‍കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. നടരാജന്റെ ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ ബിഎസ്എന്‍എല്ലില്‍ നിന്നു ശേഖരിക്കാനും വിജിലന്‍സ് തീരുമാനിച്ചു.
ഭൂമിദാനക്കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പി: വി.ജി. കുഞ്ഞനെ സ്വാധീനിക്കാന്‍ നടരാജന്‍ ശ്രമിച്ചതായാണ് ആക്ഷേപം. കഴിഞ്ഞ മാര്‍ച്ച് 31നു ശേഷം കുഞ്ഞനെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന നടരാജന്‍, എഫ്‌ഐആര്‍ സമര്‍പ്പിക്കുമ്പോള്‍ വി.എസ്. അച്യുതാനന്ദനെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടതായാണ് ആരോപണം.
കഴിഞ്ഞ മാസം 19നും നടരാജന്‍ ഇതേ ആവശ്യം ഉന്നയിച്ചു വിളിച്ചപ്പോള്‍ കുഞ്ഞന്‍ ഫോണ്‍ സംഭാഷണം മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ആരുടെയും നിര്‍ദേശപ്രകാരമല്ല താനിതു പറയുന്നതെന്നും, വി.എസ്. സ്ഥിരം അഴിമതിക്കാരനല്ലെന്ന പരിഗണന നല്‍കണമെന്നുമെല്ലാം നടരാജന്‍ ഇതില്‍ പറയുന്നുണ്ട്. ഈ സംഭാഷണത്തിന്റെ സിഡിയും ചേര്‍ത്താണ് കുഞ്ഞന്‍ നടരാജനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് എസ്പി: ഹബീബ് റഹ്മാനു റിപ്പോര്‍ട്ട് നല്‍കിയത്.
നടരാജന്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണില്‍ നിന്നുള്ള വിളികളുടെ വിശദാംശങ്ങള്‍ അന്വേഷണത്തിന് അത്യാവശ്യമാണെന്നു വ്യക്തമാക്കിയാണ് എസ്പി ഹബീബ് റഹ്മാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു റിപ്പോര്‍ട്ട് കൈമാറിയത്.
അന്വേഷണം പൂര്‍ത്തിയാക്കിയ ഭൂമിദാന കേസില്‍ അച്യുതാനന്ദനാണ് ഒന്നാംപ്രതി. മുന്‍മന്ത്രി കെ.പി. രാജേന്ദ്രന്‍, ഐഎഎസ് ഉദ്യോഗസ്ഥരായ ഷീല തോമസ്, ആനന്ദ് സിങ്, മുന്‍ കലക്ടര്‍ എന്‍.എ. കൃഷ്ണന്‍കുട്ടി, വി.എസിന്റെ ബന്ധു ടി.കെ. സോമന്‍, വി.എസിന്റെ പിഎ: എ. സുരേഷ് എന്നിവരാണു മറ്റു പ്രതികള്‍. മുന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ കെ.ആര്‍. മുരളീധരനെ കേസില്‍ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്.












Click it and Unblock the Notifications