Get Updates
Get notified of breaking news, exclusive insights, and must-see stories!

തലച്ചോര്‍ തിന്നുന്ന അമീബ മരണം വിതക്കുന്നു

Brain-eating amoeba
ഇസ്‌ലാമാബാദ്: മനുഷ്യ മസ്തിഷ്‌കം കാര്‍ന്നു തിന്നുന്ന അമീബ പാകിസ്താനില്‍ മരണം വിതയ്ക്കുന്നു. നെഗ്ലേറിയ ഫൊലേറി എന്ന അമീബാ ബാധ മൂലം കഴിഞ്ഞ അഞ്ചുമാസത്തിനിടെ 10പേര്‍ മരിച്ചതായി ലോകാരോഗ്യ സംഘടനയുടെ ഡോ.മുസാ ഖാന്‍ അറിയിച്ചു.

ഈ രോഗം ബാധിച്ചാല്‍ മരണം ഏതാണ്ട് ഉറപ്പാണെന്നാണ് ഏറ്റവും ഭീതിജനകമായ കാര്യം. രോഗബാധയേറ്റവരിലെ മരണനിരക്ക് 98ശതമാനമാണെന്ന് മുസാ ഖാനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

മാലിന്യം കലര്‍ന്ന വെള്ളം വഴി മൂക്കിലൂടെയാണ് ഇത് പകരുക. രോഗബാധിതരില്‍ നിന്ന് മറ്റൊരാള്‍ക്ക് പകരില്ല.മൂക്കിലെ സ്തരം വഴി ഇവ തലച്ചോറിലേക്കാണ് എത്തുന്നത്. തലവേദന, കഴുത്ത് വേദന, പനി, വയറു വേദന എന്നിങ്ങനെ ലഘുവായ രോഗലക്ഷണങ്ങളോടെയായിരിക്കും തുടക്കം. രോഗം ബാധിച്ച് അഞ്ചു മുതല്‍ ഏഴുവരെ ദിവസം കൊണ്ട് മരണം സംഭവിക്കും.

ഈ രോഗത്തിന് എന്ത് ചികിത്സ നല്‍കുമെന്നറിയാതെ വലയുകയാണ് പാകിസ്താനിലെ ആശുപത്രികള്‍. പാകിസ്താനില്‍ കണ്ടെത്തിയ 10 കേസുകളും രാജ്യത്ത് ഏറ്റവുമധികം ജനവാസമുള്ള കറാച്ചി നഗരത്തിലാണ്. മലിനജലത്തില്‍ നീന്തുന്നവരെയാണ് സാധാരണയായി ഈ രോഗം ബാധിയ്ക്കുന്നത്. എന്നാലിപ്പോള്‍ രോഗം ബാധിച്ച് മരിച്ചവരില്‍ പലരും നീന്തലറിയാത്തവരാണെന്ന് മുസാ ഖാന്‍ പറയുന്നു. 2006ല്‍ കറാച്ചിയില്‍ രോഗം ബാധിച്ച ഒരാളെ കണ്ടെത്തിയിരുന്നു.

2002നും 2011നുമിടയില്‍ അമേരിക്കയില്‍ 32പേര്‍ക്ക് രോഗം ബാധിച്ചതായി അമേരിക്കയുടെ രോഗനിയന്ത്രണ വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. കുളം, പുഴ, സ്വിമ്മിങ് പൂള്‍ എന്നിവിടങ്ങളിലാണ് ഈ അമീബയെ കണ്ടുവരുന്നത്. ഉഷ്ണജലപ്രവാഹങ്ങളിലും കാണുന്നു. കടലില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.

1.80 കോടിയോളം ജനങ്ങള്‍ അധിവസിയ്ക്കുന്ന കറാച്ചി നഗരത്തില്‍ രോഗം പടര്‍ന്നുപിടിയ്ക്കുമോയെന്ന ഭീതിയിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍. മുന്‍കരുതലെന്ന നിലയ്ക്ക് ജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണത്തിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+