ഇരുളിന്‍ മറവില്‍ വിളപ്പില്‍ശാലയില്‍ പ്ലാന്റ് എത്തി

നാട്ടുകാര്‍ ഉറങ്ങിക്കിടക്കവെ ശനിയാഴ്ച പുലര്‍ച്ചെ 2.30നാണ് മലിന ജലശുദ്ധീകരണത്തിനുള്ള ലീച്ചേറ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് വിളപ്പില്‍ശാലയില്‍ എത്തിച്ചത്. വിളപ്പില്‍ശാല സര്‍വീസ് സഹകരണ ബാങ്കിന്റെ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പ്രചാരണത്തിലും മറ്റുമായതിനാല്‍ നേതാക്കള്‍ പലരുടെയും ശ്രദ്ധ മാറിനിന്ന പശ്ചാത്തലത്തിലായിരുന്നു ട്രീറ്റ്‌മെന്റ് പ്ലാന്റ് രഹസ്യമായി എത്തിച്ചത്. അതീവരഹസ്യമായി നടന്ന നീക്കത്തിന് കനത്ത പോലീസ് സംരക്ഷണവും ഉണ്ടായിരുന്നു.
ഇതില്‍ പ്രതിഷേധിച്ച് വിളപ്പില്‍ശാലയില്‍ ശനിയാഴ്ച ഹര്‍ത്താല്‍ ആചരിക്കുകയാണ്. വാഹനങ്ങള്‍ ഓടുന്നില്ല. കടകളും അടഞ്ഞുകിടക്കുകയാണ്. നേരത്തെ വിളപ്പില്‍ശാല ഭാഗത്തേയ്ക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. നാട്ടുകാരുടെ കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് പിന്നീട് വൈദ്യുതിബന്ധം പുന:സ്ഥാപിച്ചു.
വിളപ്പില്‍ശാല നിവാസികളുടെയും സംയുക്ത സമരസമിതിയുടെയും കടുത്ത എതിര്‍പ്പ് അവഗണിച്ച് വളരെ രഹസ്യമായാണ് പ്ലാന്റ് എത്തിച്ചത്. ഒമ്പത് മാസം മുമ്പ് യന്ത്രം കൊണ്ടുവരാനുള്ള നഗരസഭയുടെ നീക്കം നാട്ടുകാര്‍ സംഘടിതമായി തടഞ്ഞിരുന്നു. അന്ന് പൊലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരുന്ന യന്ത്രങ്ങളാണ് ഇപ്പോള്‍ വിളപ്പില്‍ശാലയില്‍ എത്തിച്ചത്.
ഇതേസമയം, മാലിന്യസംസ്‌കരണം നടപ്പാക്കണമെന്ന കോടതി നിര്‍ദ്ദേശം പാലിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് മലിനജല സംസ്‌കരണത്തിനുള്ള ലീച്ചെറ്റ് ട്രീറ്റ്‌മെന്റ് സംവിധാനം എത്തിച്ചതെന്നും പോലീസ് വ്യക്തമാക്കി. പ്രദേശത്ത് ഇപ്പോള്‍ കനത്ത പോലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.












Click it and Unblock the Notifications