വിളപ്പില്‍ശാല സമരം വിജയത്തിലേക്ക്

ഉറപ്പിനെത്തുടര്‍ന്ന് വിളപ്പില്‍ശാലയില്‍ രണ്ടു ദിവസമായി നടക്കുകയായിരുന്ന അനിശ്ചിതകാല ഹര്‍ത്താല്‍ സംയുക്ത സമരസമിതി പിന്‍വലിച്ചു. എന്നാല്‍ രേഖാമൂലം ഉറപ്പ് ലഭിയ്ക്കുന്നത് വരെ നിരാഹാരസമരം തുടരും.
ചൊവ്വാഴ്ച രാത്രി രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് വിളപ്പില്‍ശാല സമരത്തിന് അവസാനം കുറിക്കുന്നതിനുള്ള ധാരണിയിലെത്തിയത്. വെകിട്ട് ആറിന് സംയുക്ത സമര സമിതി നേതാക്കള്‍ സ്ഥലം എം.എല്‍.എ കൂടിയ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ മഞ്ഞളാംകുഴി അലി, വി.എസ്. ശിവകുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. അതിനു ശേഷം എല്ലാവരും ക്‌ളിഫ് ഹൗസിലെത്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തുകയായിരുന്നു. ഈ ചര്‍ച്ചയിലാണ് ധാരണയുണ്ടായത്.
'വിളപ്പില്‍ശാലയിലേക്കു ഇനി മാലിന്യം കൊണ്ടു പോകില്ല, ഇക്കാര്യം ഹൈക്കോടതിയെ സത്യവാങ്മൂലമായി അറിയിക്കും. കേസ് നവംബറിലാണ് പരിഗണനയ്ക്കു വരുന്നത് . അതിനു മുന്പ് തന്നെ കേസ് പരിഗണിക്കുന്നതിനായി അഡ്വാന്‍സ് പെറ്റീഷന്‍ സര്‍ക്കാര്‍ നല്‍കും.
മലിനജലസംസ്‌കരണ പ്‌ളാന്റിനായി എത്തിച്ച മെഷീനുകള്‍ കോടതിയുടെ അനുവാദത്തോടെ തിരികയെത്തിക്കും' ചര്‍ച്ചയ്ക്കുശേഷം മന്ത്രി മഞ്ഞളാംകുഴി അലി മാദ്ധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഒന്നും എഴുതി നല്‍കാനാവില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും നല്‍കിയ ഉറപ്പിന്‍മേല്‍ സമരം പിന്‍വലിക്കുകയാണെന്ന് സംയുക്ത സമര സമിതി ജനറല്‍ സെക്രട്ടറി സി.എസ്. അനില്‍ പറഞ്ഞു.
സര്‍ക്കാരിന്റെ ക്വാറികളില്‍ ശാസ്ത്രീയമായി മാലിന്യം മറവു ചെയ്യുന്ന പദ്ധതിയാണ് പരിഗണനയിലുള്ളതെന്ന് മഞ്ഞളാംകുഴി അലി പറഞ്ഞു. ഇതു ചര്‍ച്ച ചെയ്യന്നതിനായി വിദഗ്ധരുടെ യോഗം ഇന്നു വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അതോടൊപ്പം നഗരസഭാ പരിധിക്കുള്ളില്‍തന്നെ ഒരു ആധുനിക പ്‌ളാന്റ് സ്ഥാപിക്കുകയും ചെയ്യും. എതിര്‍പ്പുണ്ടാകുക സ്വാഭാവികമാണെങ്കിലും ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി പദ്ധതികള്‍ നടപ്പിലാക്കുമെന്ന് അലി വ്യക്തമാക്കി.
രാത്രിയുടെ മറവില്‍ മലിനജല സംസ്‌കരണ യന്ത്രം പ്‌ളാന്റിലെത്തിച്ചതിനെതിരെ വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരിയുടെ നിരാഹാര സമരം നാലാം ദിവസമെത്തിയപ്പോഴാണ് സര്‍ക്കാര്‍ സമവായ ചര്‍ച്ചകള്‍ക്കായി മുന്നിട്ടിറങ്ങിയത്. കടുത്ത ശാരീരിക അവശതയെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ ശോഭനകുമാരിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവര്‍ അവിടെയും നിരാഹാര സമരം തുടരുകയായിരുന്നു. ചര്‍ച്ചയിലെ തീരുമാനം അറിഞ്ഞ ശേഷമാണ് അവര്‍ കരിക്കിന്‍വെള്ളം കുടിച്ച് നിരാഹാര സമരം അവസാനിപ്പിച്ചത്. ശോഭനകുമാരിയെ അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന് മറ്റു നാലു സമര സമിതി പ്രവര്‍ത്തകര്‍ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications