പിള്ള വിളി: കുടുങ്ങിയ 'പിള്ള' കോടതിയിലേയ്ക്ക്

വ്യക്തിബന്ധത്തിന്റെ പുറത്താണ് താന്‍ ബാലകൃഷ്ണപിള്ളയെ വിളിച്ചതെന്ന് രാധാകൃഷ്ണ പിള്ള പറയുന്നു. തന്റെ പിതാവ് കെ. ആര്‍. ഭാസ്‌കരന്‍പിള്ളയും ബാലകൃഷ്ണപിള്ളയും അടുത്ത സുഹൃത്തുക്കളായിരുന്നു. പിന്നീട് കൊട്ടാരക്കരയില്‍ നിന്ന് വയനാട്ടിലേയ്ക്ക് കുടിയേറിപ്പാര്‍ത്തപ്പോഴും ഈ ബന്ധം നിലനിര്‍ത്തി.
ബാലകൃഷ്ണ പിള്ള ജയിലിലാണെന്ന കാര്യം അറിയാതെയാണ് അദ്ദേഹത്തെ വിളിച്ചതെന്നാണ് രാധാകൃഷ്ണ പിള്ളയുടെ വാദം. ബാലകൃഷ്ണ പിളളയ്ക്ക് പരോള്‍ കിട്ടി, കിട്ടിയില്ല, ഉടന്‍ കിട്ടും എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. അതിനാല്‍ അദ്ദേഹം ജയിലിലാണോ അല്ലയോ എന്ന കാര്യം അറിയില്ലായിരുന്നു. ഒരിക്കല്‍ പിള്ള സാറിന്റെ നമ്പറില്‍ വിളിച്ചപ്പോള്‍ റിങ് ചെയ്തു. ജയിലിലാണോ അല്ലയോ എന്ന കാര്യം താന്‍ തിരക്കിയില്ല. അദ്ദേഹവും അക്കാര്യം പറഞ്ഞില്ല. സാധാരണ രീതിയിലുള്ള സൗഹൃദ സംഭാഷണത്തിന് ശേഷം ഫോണ്‍ വച്ചു. പിന്നീട് ഇത് കേസായി. വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് തന്നെ തേടി നോട്ടീസെത്തി.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ താനല്ല ജയിലധികൃതരാണ് കുറ്റക്കാരെന്ന് രാധാകൃഷ്ണ പിള്ള പറയുന്നു. ജയിലില്‍ കഴിയുന്ന ഒരാള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അവര്‍ സൗകര്യം ഒരുക്കിക്കൊടുത്തു.
1995ല്‍ കല്‍പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പിക്കറ്റിങ് നടത്തിയതിന്റെ പേരില്‍ താനും ജയിലില്‍ കിടന്നതാണ്. എന്നാല്‍ അന്ന് തന്റെ കയ്യിലുള്ളതെല്ലാം വാങ്ങി വച്ച ശേഷമാണ് ജയിലിലടച്ചത്. പിന്നീട് ജയില്‍മോചിതനായപ്പോഴാണ് സാധനങ്ങള്‍ തിരികെ കിട്ടിയത്. അന്നത്തെ പോലെ ഇന്നും ജയില്‍ നിയമങ്ങള്‍ ശക്തമാണെന്നാണ് താന്‍ കരുതിയതെന്ന് രാധാകൃഷ്ണ പിള്ള പറഞ്ഞു.












Click it and Unblock the Notifications