കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറാജ് സമരം; ഭിന്നിപ്പിക്കാനുള്ള ശ്രമം പാളി

Google Oneindia Malayalam News

ആറ് മാസമായി സിറാജ് പത്രത്തില്‍ നടന്നുവരുന്ന സമരത്തെ തകര്‍ക്കാന്‍ പത്രമാനേജ്‌മെന്റ് വര്‍ഗീയതയുടെ കാര്‍ഡ് എറിയുന്നു. കെ യുഡബ്ല്യുജെ -കെഎന്‍ഇഎഫ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി (സിറാജ് സെല്‍) ട്രഷററും കെ എന്‍ ഇ എഫ് സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ ജോ. സെക്രട്ടറിയുമായ കെ പി ബിനീഷിനെ പുറത്താക്കിയതുമായി സംബന്ധിച്ച സമരത്തില്‍ ജീവനക്കാര്‍ തമ്മില്‍ രൂപപ്പെട്ട മാതൃകാപരമായ ഐക്യത്തെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിറകില്‍.

Siraj Daily

22ന് തീരുമാനിച്ച സൂചനാപണിമുടക്കിനെ അട്ടിമറിക്കുന്നതിനായി മുസ്ലീം ജീവനക്കാരുടെ രഹസ്യയോഗം കോഴിക്കോട്ടെ മര്‍കസില്‍ മാനേജ്‌മെന്റ് വിളിച്ചുചേര്‍ക്കുകയുണ്ടായി. എന്നാല്‍, തീര്‍ത്തും മതേതര മുഖമുള്ള ജീവനക്കാര്‍ മാനേജ്‌മെന്റിന്റെ അപഥസഞ്ചാരത്തെ എതിര്‍ത്തതോടെ ശ്രമം പാളി. ഇത്തരമൊരു യോഗം വിളിച്ചത് കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന ഓര്‍മപ്പെടുത്തല്‍ നല്‍കിയാണത്രെ ജീവനക്കാര്‍ മടങ്ങിയത്.

സിറാജ് മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല, മാനേജിംഗ് ഡയറക്ടര്‍ പ്രൊഫ.എ കെ അബ്ദുല്‍ ഹമീദ്, ജനറല്‍ മാനേജര്‍ മുഹമ്മദ് അലി എന്നിവരായിരുന്നു യോഗത്തില്‍ സംബന്ധിച്ചത്. എന്നാല്‍, മാനവികതയുടെ സന്ദേശവാഹകനായി കേരളക്കര മുഴുവന്‍ യാത്ര നടത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ അറിവോടെയല്ല ഈ യോഗം വിളിച്ചുചേര്‍ത്തതെന്നറിയുന്നു. കാന്തപുരം ഹജ്ജിന് പോയ തക്കം നോക്കി മാനേജിംഗ് എഡിറ്റര്‍ നടത്തിയ കുത്സിത ശ്രമമായാണ് ജീവനക്കാര്‍ ഇതിനെ കാണുന്നത്.

സമരത്തിന് സമവായമുണ്ടാക്കാന്‍ സന്നദ്ധനായിരുന്ന കാന്തപുരത്തെ പോലും അവഗണിക്കുന്ന രീതിയിലാണ് മാനേജ്‌മെന്റ്കമ്മിറ്റിയിലെ ചിലര്‍ കരുക്കള്‍ നീക്കുന്നത്. അഴിമതി ആരോപണങ്ങള്‍ക്ക് യൂനിയന്‍ മറുപടി നല്‍കേണ്ടി വരുമെന്ന് ഭീഷണിമുഴക്കിയ മാനേജിംഗ് എഡിറ്റര്‍ക്ക് അദ്ദേഹമടങ്ങിയ മാനേജ്‌മെന്റ് കമ്മിറ്റി മുന്‍ ജനറല്‍ മാനേജര്‍ കരീം കക്കാടിനെതിരെ ആദ്യം നടപടി സ്വീകരിക്കേണ്ടി വന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്നു എന്നത് വിരോധാഭാസമായി.

പത്ര റീല്‍ ഇനത്തില്‍ മാസം രണ്ടരലക്ഷം രൂപയുടെ അഴിമതി കരീം കക്കാട് നടത്തുന്നുവെന്നതായിരുന്നു യൂനിയന്‍ നേതാവായ ബിനീഷ് കണക്കുകള്‍ സഹിതം ആരോപിച്ചത്. ഇതിന് പുറമെ, കേരളയാത്രയുടെ പരസ്യവരുമാനത്തില്‍ ലഭിക്കേണ്ട അമ്പത് ലക്ഷത്തിലേറെ രൂപ ജനറല്‍ മാനേജരായ കരീം കക്കാട് സ്വന്തം എക്കൗണ്ടിലേക്ക് മാറ്റിയതായി ബന്ധപ്പെട്ട ഓഫീസ് വിഭാഗം കണ്ടെത്തിയതും വിവാദമായി. ഓണത്തിന്റെ ബോണസ് ബേങ്ക് എക്കൗണ്ടില്‍ നിന്ന് രഹസ്യമായി പിന്‍വലിച്ചത് സമരാന്തരീക്ഷം രൂക്ഷമാക്കി. ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട ജീവനക്കാരെ അസ്വസ്ഥരാക്കുക എന്നതായിരുന്നു കരീം കക്കാട് പയറ്റിയത്-തൊഴിലാളി നേതാക്കള്‍ ആരോപിച്ചു.

ജനറല്‍ മാനേജര്‍ സ്ഥാനം നഷ്ടമാകുമെന്ന് കണ്ടതോടെയായിരുന്നു ഇത്തരം മോശം പ്രവണതകള്‍. ആ മത വിഭാഗത്തില്‍പ്പെട്ടവര്‍ കാന്തപുരം ഉസ്താദിനെതിരെ രൂക്ഷമായി സമരം നയിക്കാന്‍ വേണ്ടിയുള്ള ഒരു ശ്രമം. എന്നാല്‍, ജീവനക്കാരുടെ പക്വമായ നിലപാട് കരീം കക്കാടിന്റെ തന്ത്രങ്ങളെ അട്ടിമറിച്ചു. കുത്സിത പ്രവര്‍ത്തനങ്ങള്‍ നടത്തിയ കരീം കക്കാടിനെ പുറത്താക്കി. എന്നാല്‍, അതേ കരീം കക്കാടിനെ ഉപയോഗിച്ച് സമര ദിവസം പത്രമിറക്കാന്‍ മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുള്ള കരുനീക്കി. ഇത്, മാനേജിംഗ് കമ്മിറ്റിയില്‍ രൂക്ഷമായ ഭിന്നാഭിപ്രായത്തിന് വഴിയൊരുക്കി. കാന്തപുരം ഉസ്താദിന്റെ തീരുമാനത്തെ അട്ടിമറിക്കുകയാണ് ഇവിടെ ഉണ്ടായത്. സംഘടനയില്‍ കാന്തപുരം അബൂബക്കര്‍ മസ്‌ലിയാരുടെ അധികാരശക്തിക്ക് ഇടിവ് തട്ടിയെന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്.

അതേ സമയം, ജീവനക്കാര്‍ റിലേ നിരാഹാര സമരം ശക്തമായി മുന്നോട്ടു കൊണ്ടു പോയത് പത്രലോകത്തിന് ആവേശം പകരുന്നതായി. പത്രവ്യവസായ മേഖലയില്‍ സമീപകാലത്തൊന്നും തന്നെ ഇത്രയും ശക്തമായ സമരം നടന്നിട്ടില്ലെന്നതാണ് വാസ്തവം. 41012 മുതല്‍ 221012 വരെ നടന്ന റിലേ നിരാഹാരത്തില്‍ 36 ജീവനക്കാര്‍ ഭാഗഭാക്കായി. 22ന് നടക്കുന്ന സൂചനാ പണിമുടക്കോടെ റിലേ നിരാഹാരം അവസാനിക്കും. രാവിലെ കുടുംബ സംഗമവും വൈകീട്ട് പ്രതിഷേധ പൊതുയോഗവും പണിമുടക്ക് ദിവസം നടക്കും.

കേരള ന്യൂസ് പേപ്പേഴ്‌സ് എംപ്ലോയീസ് ഫെഡറേഷന്‍ (കെ എന്‍ ഇ എഫ്)-കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ യു ഡബ്ല്യു ജെ) കോഴിക്കോട് ജില്ലാ കോര്‍ഡിനേഷന്‍ സമിതി സമരത്തിന് നേതൃത്വം നല്‍കുന്നു. ചന്ദ്രിക പ്രസ് എംപ്ലോയീസ് അസോസിയേഷന്‍, മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍, മലയാള മനോരമ നോണ്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍, ജേര്‍ണലിസ്റ്റ് ആന്‍ഡ് നോണ്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ ദേശാഭിമാനി, വോയ്‌സ് ഓഫ് മാതൃഭൂമി എംപ്ലോയീസ് യൂണിയന്‍ എന്നിവര്‍ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് രംഗത്തുണ്ട്.
കേരള കോണ്‍ഗ്രസ് (എം), ബി ജെ പി, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, സി പി ഐ (എം) എന്നിവര്‍ ഉള്‍പ്പെട്ട സമര സഹായ സമിതിയും ശക്തമായി രംഗത്തുണ്ട്.

English summary
Siraj News Paper Employees 'one day strike' today. Trade Unions(KUWJ-KNEF) want management to take back the saked worker K Bineesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X