കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡീഗോ മറഡോണ കേരളത്തില്‍

  • By Shibu
Google Oneindia Malayalam News

കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളും താരങ്ങളും സ്വപ്‌നലോകത്താണ്. സാക്ഷാല്‍ ഫുട്‌ബോള്‍ ദൈവം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കാലുകുത്തുന്നു എന്ന യാഥാര്‍ത്ഥ്യം അനുഭവിച്ചറിയാന്‍ പോവുകയാണവര്‍. കളിയെക്കാളുപരി ഫുട്‌ബോള്‍ ലഹരിയായി കൊണ്ടുനടക്കുന്ന മലബാര്‍ ഒന്നാകെ ഡീഗോയെക്കാണാന്‍ ഇളകി മറിഞ്ഞെത്തും. 24ന് കണ്ണൂര്‍ സ്റ്റേഡിയത്തില്‍ എത്തുന്ന ഇതിഹാസ താരത്തെ നേരില്‍ കാണാന്‍ ലഭിക്കുന്ന അവസരം ജന്മസാഫല്യമായി കരുതി പതിനായിരങ്ങള്‍ ഇവിടേയ്ക്ക് ഇരമ്പിയെത്തും. ഡീഗോ മറഡോണയുടെ 52-ാം പിറന്നാള്‍ ഒക്‌ടോബര്‍ 30നാണ്. പിറന്നാളിന് തൊട്ടുമുമ്പെത്തുന്ന അദ്ദേഹത്തിന് വമ്പന്‍ പിറന്നാള്‍ ആഘോഷവും സംഘാടകര്‍ ഒരുക്കുന്നുണ്ട്. രാവിലെ 5.45ഓടെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ അദ്ദേഹം രാത്രി ഏഴുമണിയോടെ ഹെലികോപ്റ്ററില്‍ കണ്ണൂരിലെത്തും.

maradona

ബോബി ചെമ്മണ്ണൂര്‍ ജ്വല്ലറി ഗ്രൂപ്പാണ് മറഡോണയെ കേരളത്തില്‍ എത്തിക്കുന്നതെങ്കിലും ഫുട്‌ബോളിന് വേരോട്ടമുള്ള കേരളത്തില്‍ ലോകതാരമെത്തുന്നത് കേരളം ഒന്നാകെ ആവേശമായെടുത്തിരിക്കുകയാണ്. മാധ്യമങ്ങളും വന്‍ പ്രചരണമാണ് മറഡോണയുടെ വരവിന് നല്‍കുന്നത്. 23ന് വൈകുന്നേരം കണ്ണൂരില്‍ എ ത്തുന്ന മറഡോണ 24നാണ് പൊതുപരിപാടിയില്‍ പങ്കെടുക്കുക. 23ന് തന്നെ മറഡോണയെ വരവേല്‍ക്കാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഫുട്‌ബോള്‍ ആരാധകര്‍ കണ്ണൂരിലേക്ക് എത്തുന്നുണ്ട്. മംഗലാപുരമടക്കം കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇന്ത്യയിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബുകളുടെ പ്രതിനിധികളും ഫുട്‌ബോള്‍ താരങ്ങളും കണ്ണൂരിലെത്തുന്നുണ്ട്.

കണ്ണൂരിലും പരിസരപട്ടണങ്ങളിലും ഹോട്ടലുകളും ലോഡ്ജുകളും മറഡോണയെ കാണാനെത്തുന്നവര്‍ ബുക്കു ചെയ്തുകഴിഞ്ഞു. കണ്ണൂരിലെ ബന്ധുവീടുകളിലും ഫുട്‌ബോള്‍ ആരാധകര്‍ നിറഞ്ഞുതുടങ്ങി. കണ്ണൂര്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ ജനക്കൂട്ടമാകും 24ന് എത്തുക. ഒരു ലക്ഷം പേരെയാണ് സംഘടാകര്‍ പ്രതീക്ഷിക്കുന്നതെങ്കിലും ഇതിന്റെ ഇരട്ടിയിലേറെ ആളുകള്‍ മറഡോണയെക്കാണാനെത്തുമെന്ന് ഉറപ്പാണ്.
വന്‍തോതിലുള്ള സുരക്ഷാ ക്രമീകരണങ്ങളും ഗതാഗതനിയന്ത്രണ സംവിധാനങ്ങളുമാണ് കണ്ണൂരില്‍ മറഡോണയുടെ വരവിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സ്വകാര്യ ചടങ്ങിനെത്തുന്നതെങ്കിലും കേരളം മറഡോണയുടെ വരവിനെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. മറഡോണയെ വരവേല്‍ക്കുന്നതിന് മുന്നോടിയായി നഗരത്തില്‍ കണ്ണെത്താവുന്ന ഇടങ്ങളിലെല്ലാം ലോകതാരത്തിന് സ്വാഗതവും പിറന്നാള്‍ ആശംസകളും അര്‍പ്പിച്ച് കൊണ്ടുള്ള ബോര്‍ഡുകളും ബാനറുകളും ഉയര്‍ന്നിട്ടുണ്ട്. ദേശീയ മാധ്യമങ്ങളുടെ സ്‌പോര്‍ട്‌സ് ലേഖകരും ഫോട്ടോഗ്രാഫര്‍മാരും കണ്ണൂരില്‍ തമ്പടിച്ചുകഴിഞ്ഞു. മറഡോണയുടെ മാന്ത്രിജാലവിദ്യകള്‍ വായനക്കാരിലെത്തിക്കാന്‍ മാധ്യമങ്ങള്‍ ഒരാഴ്ചയായി ആവേശത്തിലാണ്. ദേശീയ പ്രാദേശിക ടെലിവിഷന്‍ ചാനലുകളെല്ലാം മറഡോണയുടെ വരവിന്റെ തല്‍സമയസംപ്രേക്ഷണത്തിനായുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു.

24ന് രാവിലെ പത്തിന് കണ്ണൂര്‍ മുനിസിപ്പല്‍ സ്റ്റേഡിത്തിലാണ് ഉദ്ഘാടന പരിപാടി. മറഡോണയെക്കാണാനെത്തുവരെ മുഴുവന്‍ ഉള്‍ക്കൊള്ളാനുള്ള സ്ഥലപരിധി കണ്ണൂര്‍ സ്റ്റേഡിയത്തിലില്ലാത്തതിനാല്‍ സ്റ്റേഡിയത്തിന് പുറത്തും നഗരത്തിന്റെ പ്രധാന ഇടങ്ങളിലും കൂറ്റന്‍ സ്‌ക്രീനുകള്‍ സ്ഥാപിച്ച് സ്റ്റേഡിയത്തിലെ കാഴ്ചകളുടെ തത്സമയ പ്രദര്‍ശനം കാണികള്‍ക്ക് ആവേശം പകരുക തന്നെ ചെയ്യും.

24ന് രാവിലെ ഹെലികോപ്റ്ററില്‍ മറഡോണ സ്റ്റേഡിയത്തിന് മുകളിലെത്തി ആരാധകര്‍ക്കിടയിലേക്ക് ഫുട്‌ബോള്‍ വൃഷ്ടി നടത്തുമെന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. പിന്നീട് കണ്ണൂര്‍ ഡി എസ് സി ഹെലിപാഡിലിറങ്ങി കാര്‍ മാര്‍ഗം പത്തുമണിയോടെ സ്റ്റേഡിയത്തിലെത്തും. ഒരു മണിക്കൂര്‍ സ്റ്റേഡിയത്തില്‍ ആരാധകര്‍ക്ക് വേണ്ടി ചെലവഴിക്കും. ഈ സമയം മറഡോറയുടെ പ്രശസ്തമായ ഫുട്‌ബോള്‍ മാന്ത്രികവിദ്യകള്‍ കാണികള്‍ക്ക് ആസ്വദിക്കാനാകും. പിന്നീട് ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കണ്ണൂര്‍ ശാഖയുടെ ഉദ്ഘാടനവും ഇവരുടെ ഹെലികോപ്റ്റര്‍ സര്‍വ്വീസും ഉദ്ഘാടനം ചെയ്യും. 24ന് വൈകുന്നേരം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്ക് തിരിച്ച് പോകും. മറഡോണയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കണ്ണൂര്‍ നഗരത്തില്‍ 24ന് രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് മൂന്നുമണിവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X