കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറാജ് സമരം പൊളിച്ചവരെ യൂണിയന്‍ എന്തു ചെയ്യും?

Google Oneindia Malayalam News

Siraj Daily Strike
കോഴിക്കോട്:അന്യായമായി പിരിച്ചുവിട്ട ജീവനക്കാരനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തകന്‍ യൂനിയന്റെയും(കെയുഡബ്ല്യുജെ) കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്റെയും(കെഎന്‍ഇഎഫ്) സംയുക്ത ആഭിമുഖ്യത്തില്‍ സിറാജ് ദിനപത്രത്തില്‍ പ്രഖ്യാപിച്ച സൂചനപണിമുടക്ക് പാളി. കെയുഡബ്ല്യുജെയുടെ പ്രധാന പ്രവര്‍ത്തകര്‍ അടക്കമുള്ള അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ മുന്‍കൈയെടുത്ത് കോട്ടയത്തെ ഒരു സ്വകാര്യപ്രസ്സില്‍ നിന്നും പത്രം അടിച്ചിറക്കി വിതരണം ചെയ്തതോടെയാണിത്. സമരം പൊളിയ്ക്കുകയെന്ന മാനേജ്‌മെന്റ് തന്ത്രത്തിന് ഓശാനപാടിയ അംഗങ്ങളെ പുറത്താക്കാന്‍ കെയുഡബ്ല്യുജെ തയ്യാറാകുമോ? സമരത്തിനെ നേരിടുക എന്നത് മാനേജ്മെന്റിന്റെ ജോലിയാണ്. എന്നാല്‍ സമരത്തിന് മുന്നില്‍ നില്‍ക്കേണ്ടവര്‍ തന്നെ പിറകിലൂടെ കുത്തുമ്പോള്‍ അതിനെ കണ്ടില്ലെന്ന് നടിക്കുന്നത് കെയുഡബ്ല്യുജെയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്.

ടികെ അബ്ദുല്‍ഗഫൂര്‍, അബ്ദുര്‍റഹ്മാന്‍ സഖാഫി, അസീസ് സഖാഫി, അബ്ദുല്‍ലത്തീഫ് ഫൈസി, ടികെസി മുഹമ്മദ് എന്നീ കെയുഡബ്ല്യുജെ മെംബര്‍മാരാണ് സമാന്തരമായി പത്രമിറക്കുന്നതിന് കൂട്ടുനിന്നതെന്ന് സമരസമിതി നേതാക്കള്‍ ആരോപിക്കുന്നു. ഞങ്ങള്‍ പിറകോട്ടില്ല. സമരം കെയുഡബ്ല്യുജെയുടെയും കെഎന്‍ഇഎഫിന്റെയും സംസ്ഥാന നേതൃത്വം ഏറ്റെടുക്കും. വര്‍ഗ്ഗവഞ്ചകരായ മെംബര്‍മാരെ പുറത്താക്കാന്‍ കെയുഡബ്ല്യുജെ തയ്യാറാകണം-ജീവനക്കാര്‍ ആവശ്യപ്പെട്ടു.

പണിമുടക്കില്‍ പങ്കെടുക്കണമെന്നു തന്നെയായിരുന്നു കെയുഡബ്ല്യുജെയുടെ തീരുമാനം. പത്രം പ്രസിദ്ധീകരിക്കപ്പെട്ട സാഹചര്യത്തില്‍ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്. ഇതിനു മുമ്പ് ഇക്കാര്യത്തില്‍ കെഎന്‍ഇഎഫ് നേതാക്കളുമായും സിറാജ് സെല്‍ പ്രതിനിധികളുമായും ചര്‍ച്ച നടത്തും. സംഘടനയുടെ ഭാഗത്തും നിന്നും ഉചിതമായ തീരുമാനമുണ്ടാകും-കെയുഡബ്ലുജെ ജില്ലാ സെക്രട്ടറി സി വിനോദ് ചന്ദ്രന്‍ വണ്‍ഇന്ത്യയോട് പറഞ്ഞു.

കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ നേതൃത്വം നല്‍കുന്ന സുന്നി വിഭാഗത്തിന്റെ മുഖപത്രമാണ് സിറാജ്. കെഎന്‍ഇഎഫ് സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോയിന്റെ സെക്രട്ടറിയുമായ കെപി ബിനീഷിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് സമരം. ആറുമാസത്തോളമായി നടന്ന പ്രതിഷേധസമരങ്ങള്‍ മാനേജ്‌മെന്റ് കണ്ടില്ലെന്ന നടിച്ചതോടെയാണ് ഇരുയൂനിയനുകളും ചേര്‍ന്ന് സൂചനാപണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്.

പണിമുടക്കിനെ അട്ടിമറിക്കുന്നതിനായി ജീവനക്കാര്‍ക്കിടയില്‍ വര്‍ഗ്ഗീയമായ ഭിന്നിപ്പുണ്ടാക്കുന്നതിനുവരെ മാനേജ്‌മെന്റ് ശ്രമിച്ചതായി പരാതിയുണ്ട്. സ്ഥാപനത്തിലെ ഭൂരിഭാഗം തൊഴിലാളികളും ഈ നീക്കത്തെ ചെറുത്തുതോല്‍പ്പിച്ചപ്പോള്‍ അഞ്ചു പേരെ വശത്താക്കി മാനേജ്‌മെന്റ് പത്രമിറക്കുന്നതില്‍ വിജയിച്ചതായാണ് സമരം ചെയ്യുന്നവര്‍ ആരോപിയ്ക്കുന്നത്.

സമരത്തിന് സമവായമുണ്ടാക്കണമെന്ന നിലപാടാണ് കാന്തപുരത്തിനുള്ളത്. നിലവില്‍ പത്രത്തിന്റെ ചുമതല വഹിക്കുന്ന ചിലരുടെ പിടിവാശിയാണ് പ്രശ്‌നം ഇത്രയും രൂക്ഷമാക്കിയതെന്ന ആക്ഷേപം സജീവമാണ്. സമരമുള്ളതിനാല്‍ കോഴിക്കോടുള്ള പത്രങ്ങളൊന്നും സിറാജ് പ്രിന്റ് ചെയ്യുന്നതിന് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കോട്ടയത്തുള്ള പുസ്തകപ്രസാധക ശാലയില്‍ നിന്ന് പത്രമിറക്കേണ്ടി വന്നത്.

യൂനിയനില്‍ ഭിന്നതയുണ്ടെന്ന് ആരോപണം

ജീവനക്കാര്‍ക്കിടയിലെ ഭിന്നതയാണ് സിറാജിലെ സമരം പൊളിയാന്‍ കാരണമെന്ന വെളിപ്പെടുത്തലുമായി ചിലര്‍ രംഗത്ത്. സമരം ചെയ്യുന്നവരുടെ ശക്തമായ പ്രതിരോധത്തെ മറികടന്നും യൂനിയന്‍ നേതാക്കള്‍ കൂടിയായ ഒരു വിഭാഗം ജീവനക്കാരുടെ നേതൃത്വത്തില്‍ പത്രം നാട്ടിലും ഗള്‍ഫിലും പുറത്തിറങ്ങിറങ്ങിയതോടെയാണ് സമരം പരാജയപ്പെട്ടത്. ഇതോടെ സമരത്തിന് ജീവനക്കാരില്‍ ഒരു വിഭാഗത്തിന്റെ പിന്തുണയില്ലെന്ന് വ്യക്തമാവുകയും ചെയ്തു.

സമരം പരാജയപ്പെടുത്തുന്നതിന് കരിങ്കാലിപ്പണിയെടുത്തെന്ന് ആരോപിച്ച് പത്രത്തിലെ റസിഡന്റ് എഡിറ്ററും പത്ര പ്രവര്‍ത്തക യൂനിയന്‍ കോഴിക്കോട് ജില്ലാ ട്രഷററും കൂടിയായ ടി കെ അബ്ദുല്‍ ഗഫൂറിനെയും സീനിയര്‍ സബ് എഡിറ്റര്‍മാരായ മറ്റു നാലുപേരെയും സംഘടനയില്‍നിന്ന് പുറത്താക്കണമെന്ന് സിറാജിലെ യൂനിയന്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടതായി വാര്‍ത്തകളുണ്ട്. നടപടിക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് യൂനിയന്‍ ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നു.

എന്നാല്‍, ഇവര്‍ക്കു പുറമേ പ്രത്യക്ഷത്തില്‍ സമരത്തില്‍ പങ്കെടുത്തവര്‍ പോലും പത്രം പുറത്തിറക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. ഇതില്‍ യൂനിയന്‍ അംഗങ്ങളായവരുമുണ്ട്. തൊഴില്‍സ്ഥാപനം സ്തംഭിപ്പിച്ചുള്ള സമരത്തോട് ധാര്‍മികമായി യോജിക്കാനാകില്ലെന്ന നിലപാടിലാണ് ഇവര്‍ കൈക്കൊണ്ടത്. സിറാജിലെ സമരം പുറത്താണ് ആസൂത്രണം ചെയ്യപ്പെടുന്നതെന്നും യൂനിയന്‍ ജനറല്‍ബോഡി വിളിച്ചു ചേര്‍ത്ത് ചര്‍ച്ച ചെയ്യുകയോ തീരുമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ജോലി ചെയ്ത ഒരു സബ് എഡിറ്റര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ കൈവശമുള്ളവര്‍ക്ക് ഇമെയില്‍ അയയ്ക്കാവുന്നതാണ്.

English summary
How one day strike in Siraj Daily based in Kozhikode failed? Members of KUWJ denied the appeal of the union and worked during the strike day to bring out the newspapers.Will KUWJ take action against these members?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X