മാര്‍ ക്ലിമിസിന് കര്‍ദ്ദിനാള്‍ പദവി

റോമിലെ പരിശുദ്ധ സിംഹാസനത്തില്‍ നടന്ന കുര്‍ബാന മധ്യേ കര്‍ദ്ദിനാള്‍ ബര്‍ത്തോബിയാണ് ബസേലിയോസ് മാര്‍ ക്ലിമിസ് കാതോലിക്കാ ബാവയെ കര്‍ദ്ദിനാളായി നിയമിച്ചുകൊണ്ടുള്ള മാര്‍പാപ്പയുടെ ഉത്തരവു വായിച്ചത്. ഇതേസമയം പട്ടം കത്തീഡ്രലില്‍ നടന്ന കുര്‍ബാന മധ്യേ മലങ്കര സഭയുടെ സിനഡ് സെക്രട്ടറിയും തിരുവല്ല അതിരൂപതാ ബിഷപ്പുമായ തോമസ് മാര്‍ കൂറിലോസ് ഡിക്രി വായിച്ചു.
സഭയുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന കര്‍ദിനാള്‍ പദവിയില്‍ അഭിഷിക്തനാവുന്നതോടെ മാര്‍ ബസേലിയോസ് ക്ലിമ്മീസിന് മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെയുള്ള സുപ്രധാന ചുമതലകളിലെ പങ്കാളിത്തമാണു ലഭിക്കുക. കത്തോലിക്കാ സഭയുടെ പൊതുവായ ഭരണകാര്യങ്ങളില്‍ മാര്‍പാപ്പയുടെ അടുത്ത സഹായികളാണ് കര്‍ദിനാള്‍മാര്‍. മലങ്കര കത്തോലിക്കാ സഭയുടെ ആദ്യ കര്‍ദിനാളും ഈ പദവിയിലെത്തുന്ന അഞ്ചാമത്തെ മലയാളിയും ഏറ്റവും പ്രായം കുറഞ്ഞ കര്‍ദ്ദിനാളെന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്.
നവംബര്‍ 24നു വത്തിക്കാനിലാണു സ്ഥാനാരോഹണച്ചടങ്ങ്. കേരളത്തില്‍നിന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെ പ്രമുഖര്‍ പങ്കെടുക്കും. വത്തിക്കാന്‍ സുന്നഹദോസിന്റെ ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി റോമിലുള്ള ബസേലിയോസ് മാര്‍ ക്ലിമിസ് ഈ മാസം 31നെ കേരളത്തിലെത്തൂ.
ഇന്ത്യയില്‍ നിന്നും കര്‍ദ്ദിനാള്‍ പദവിയിലെത്തുന്ന പന്ത്രണ്ടാമനാണ് ബസേലിയോസ് മാര്‍ ക്ലിമിസ്. ഈ വര്‍ഷം കേരളത്തില്‍ നിന്നു കര്‍ദിനാള്‍ പദവിയിലെത്തുന്ന രണ്ടാമന്‍ കൂടിയാണ് ഇദ്ദേഹം. നേരത്തെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി കര്‍ദിനാളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മാര്‍ ജോസഫ് പാറേക്കാട്ടില്‍, മാര്‍ ആന്റണി പടിയറ, മാര്‍ വര്‍ക്കി വിതയത്തില്‍ എന്നിവരാണു കത്തോലിക്കാ സഭയില്‍ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട മൂന്നുപേര്‍. ബസേലിയോസ് മാര്‍ ക്ലിമിസിനു പുറമെ അഞ്ചുപേരെക്കൂടി മാര്‍പാപ്പ കര്‍ദിനാള്‍മാരായി ഉയര്‍ത്തിയിട്ടുണ്ട്. അമെരിക്കയില്‍ നിന്നുള്ള ജെയിംസ് മൈക്കല്‍ ഹാര്‍വി, ലെബനനില്‍നിന്നുള്ള ബെച്ചാര ബൗട്രസ് രഹി, നൈജീരിയയില്‍ നിന്നുള്ള ജോണ്‍ ഒനയേക്കന്‍, കൊളംബിയയിലെ റൂബന്‍ സലാസര്‍ ഗോമസ്, ഫിലിപ്പീനിലെ ലൂയിസ് ആന്റോണിയോ ടാഗിള്‍ എന്നിവരാണിവര്‍.












Click it and Unblock the Notifications