കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാര്‍ ക്ലിമിസിന് കര്‍ദ്ദിനാള്‍ പദവി

  • By Ajith Babu
Google Oneindia Malayalam News

Major Archbishop Baselios Mar Cleemis
തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ് ബസേലിയോസ് മാര്‍ ക്ലിമിസ് കാതോലിക്കാ ബാവയ്ക്ക് കര്‍ദിനാള്‍ പദവി. വത്തിക്കാനില്‍ ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്നരയോടെ ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ ബസേലിയോസ് മാര്‍ ക്ലിമിസിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയ അതേസമയം തന്നെ പട്ടം സെന്റ് മേരീസ് കത്തീഡ്രലിലും പ്രഖ്യാപന സന്ദേശം വായിച്ചു.

റോമിലെ പരിശുദ്ധ സിംഹാസനത്തില്‍ നടന്ന കുര്‍ബാന മധ്യേ കര്‍ദ്ദിനാള്‍ ബര്‍ത്തോബിയാണ് ബസേലിയോസ് മാര്‍ ക്ലിമിസ് കാതോലിക്കാ ബാവയെ കര്‍ദ്ദിനാളായി നിയമിച്ചുകൊണ്ടുള്ള മാര്‍പാപ്പയുടെ ഉത്തരവു വായിച്ചത്. ഇതേസമയം പട്ടം കത്തീഡ്രലില്‍ നടന്ന കുര്‍ബാന മധ്യേ മലങ്കര സഭയുടെ സിനഡ് സെക്രട്ടറിയും തിരുവല്ല അതിരൂപതാ ബിഷപ്പുമായ തോമസ് മാര്‍ കൂറിലോസ് ഡിക്രി വായിച്ചു.

സഭയുടെ രാജകുമാരന്‍ എന്നറിയപ്പെടുന്ന കര്‍ദിനാള്‍ പദവിയില്‍ അഭിഷിക്തനാവുന്നതോടെ മാര്‍ ബസേലിയോസ് ക്ലിമ്മീസിന് മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെയുള്ള സുപ്രധാന ചുമതലകളിലെ പങ്കാളിത്തമാണു ലഭിക്കുക. കത്തോലിക്കാ സഭയുടെ പൊതുവായ ഭരണകാര്യങ്ങളില്‍ മാര്‍പാപ്പയുടെ അടുത്ത സഹായികളാണ് കര്‍ദിനാള്‍മാര്‍. മലങ്കര കത്തോലിക്കാ സഭയുടെ ആദ്യ കര്‍ദിനാളും ഈ പദവിയിലെത്തുന്ന അഞ്ചാമത്തെ മലയാളിയും ഏറ്റവും പ്രായം കുറഞ്ഞ കര്‍ദ്ദിനാളെന്ന പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്.

നവംബര്‍ 24നു വത്തിക്കാനിലാണു സ്ഥാനാരോഹണച്ചടങ്ങ്. കേരളത്തില്‍നിന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെ പ്രമുഖര്‍ പങ്കെടുക്കും. വത്തിക്കാന്‍ സുന്നഹദോസിന്റെ ജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി റോമിലുള്ള ബസേലിയോസ് മാര്‍ ക്ലിമിസ് ഈ മാസം 31നെ കേരളത്തിലെത്തൂ.

ഇന്ത്യയില്‍ നിന്നും കര്‍ദ്ദിനാള്‍ പദവിയിലെത്തുന്ന പന്ത്രണ്ടാമനാണ് ബസേലിയോസ് മാര്‍ ക്ലിമിസ്. ഈ വര്‍ഷം കേരളത്തില്‍ നിന്നു കര്‍ദിനാള്‍ പദവിയിലെത്തുന്ന രണ്ടാമന്‍ കൂടിയാണ് ഇദ്ദേഹം. നേരത്തെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി കര്‍ദിനാളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മാര്‍ ജോസഫ് പാറേക്കാട്ടില്‍, മാര്‍ ആന്റണി പടിയറ, മാര്‍ വര്‍ക്കി വിതയത്തില്‍ എന്നിവരാണു കത്തോലിക്കാ സഭയില്‍ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട മൂന്നുപേര്‍. ബസേലിയോസ് മാര്‍ ക്ലിമിസിനു പുറമെ അഞ്ചുപേരെക്കൂടി മാര്‍പാപ്പ കര്‍ദിനാള്‍മാരായി ഉയര്‍ത്തിയിട്ടുണ്ട്. അമെരിക്കയില്‍ നിന്നുള്ള ജെയിംസ് മൈക്കല്‍ ഹാര്‍വി, ലെബനനില്‍നിന്നുള്ള ബെച്ചാര ബൗട്രസ് രഹി, നൈജീരിയയില്‍ നിന്നുള്ള ജോണ്‍ ഒനയേക്കന്‍, കൊളംബിയയിലെ റൂബന്‍ സലാസര്‍ ഗോമസ്, ഫിലിപ്പീനിലെ ലൂയിസ് ആന്റോണിയോ ടാഗിള്‍ എന്നിവരാണിവര്‍.

English summary
Major Archbishop Baselios Mar Cleemis has become the first cardinal of the Syro-Malankara Church, the youngest Oriental rite in Catholicism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X