വേദി തകര്‍ന്ന് ചന്ദ്രബാബു നായിഡുവിന് പരിക്ക്
ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പങ്കെടുത്ത പരിപാടിയുടെ വേദി തകര്‍ന്നു. നായിഡുവിന് ചെറിയ പരിക്കേറ്റിട്ടുണ്ട്. മെഹ്ബൂബ് നഗര്‍ ജില്ലയിലെ ഗഡ്‌വാളിലാണ് സംഭവം. തെലുങ്കു ദേശം പാര്‍ട്ടി പ്രസിഡന്റായ നായിഡു ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പദയാത്രയുടെ ഭാഗമായാണ് ഇവിടെയെത്തിച്ചേര്‍ന്നത്. ഇതിനോടകം 25 ദിവസം പിന്നിട്ട പദയാത്രയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയുടെ വേദിയില്‍ നായിഡുവിനൊപ്പം ഒട്ടേറെ പാര്‍ട്ടി നേതാക്കളും ഉണ്ടായിരുന്നു.
യോഗം അവസാനിയ്ക്കാനായപ്പോള്‍ വേദിയിലേയ്ക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് അപകടത്തിന് വഴിയൊരുക്കിയത്. പ്രസംഗം പൂര്‍ത്തിയാക്കിയ ചന്ദ്രബാബു നായിഡു പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വേദി തകര്‍ന്നത്.
ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുകൂടിയായ നായിഡു വേദിയില്‍ നിന്ന് വീഴാന്‍ തുടങ്ങവേ സുരക്ഷാ ഉദ്യോഗസ്ഥരെത്തി അദ്ദേഹത്തെ രക്ഷപെടുത്തുകയായിരുന്നു. തന്നെ ദൈവം രക്ഷിച്ചുവെന്നായിരുന്നു നായിഡുവിന്റെ ആദ്യ പ്രതികരണം. മാര്‍ച്ചില്‍ തുടര്‍ന്നും പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തിന് ശേഷം നായിഡു പാര്‍ട്ടി റാലിയില്‍ പങ്കെടുത്തെങ്കിലും പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പിന്‍മാറി. നായിഡുവിനെ പരിശോധിച്ച ഡോക്ടര്‍മാര്‍ അദ്ദേഹത്തോട് വിശ്രമിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.












Click it and Unblock the Notifications