പര്‍ദ്ദയ്‌ക്കെതിരേ പിണറായി
സ്ത്രീകള്‍ എന്ത് വസ്ത്രം ധരിക്കണം? എങ്ങനെ നടക്കണം? എന്നൊക്കെ തീരുമാനിക്കുന്ന വര്‍ഗീയസംഘടനകളുടെ ഇടപെടലുകളെ ചെറുക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വര്‍ഗീയ ശക്തികള്‍ വസ്ത്രധാരണ രീതിപോലും നിര്‍ണയിക്കുന്നതിലേക്ക് എത്തിയിരിക്കുകയാണ്. ഇത്തരം സംഘടനകളുടെ ഇടപെടലിനെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി സി പി എം അഖിലേന്ത്യാ തലത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് കേരളത്തിലെ പര്‍ദ്ദവത്ക്കരണത്തിനെതിരെ പിണറായി ശബ്ദമുയര്‍ത്തിയത്.

സ്ത്രീ എന്ത് ധരിക്കണമെന്ന് തീരുമാനിക്കാന്‍ നേരത്തെ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇടക്കാലത്ത് കേരളത്തില്‍ ശക്തിപ്രാപിച്ച വര്‍ഗീയ സംഘടനകള്‍ ഇത്തരം സ്വാതന്ത്ര്യങ്ങള്‍ക്കെല്ലാം മീതെ കയ്യേറ്റം നടത്തുകയാണ്. സ്ത്രീകളുടെ വസ്ത്രധാരണരീതി വരെ ഇത്തരം സംഘടനകള്‍ തീരുമാനിക്കുന്നത് അപകടകരമായ പ്രവണതയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
മുമ്പില്ലാത്ത വിധം എല്ലാ മേഖലയിലും വര്‍ഗീയ സംഘടനകള്‍ ഇടപെടുകയാണ്. മംഗലാപുരത്ത് ശ്രീരാമസേനക്കാര്‍ നടത്തിയതിന് സമാനമായ രീതിയില്‍ സംസ്ഥാനത്ത് സദാചാര പൊലീസുകാരുടെ പ്രവര്‍ത്തനം ശക്തമായിട്ടുണ്ട്. സദാചാര പൊലീസിനെ നിലയ്ക്ക് നിര്‍ത്താനും സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. മുമ്പില്ലാത്ത വിധം സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന് നേരെയുണ്ടായ അതിക്രമം കോണ്‍ഗ്രസ് സംസ്‌കാരത്തിന്റെ ഭാഗമാണ്. പണ്ട് ജോര്‍ജ്ജ് ഫെര്‍ണാസിന്റെ ഭാര്യ വന്നപ്പോഴും കോണ്‍ഗ്രസുകാര്‍ ഈ സംസ്‌കാരം കാണിച്ചിരുന്നുവെന്ന് പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ മുസ്ലീം സ്ത്രീകളെ പര്‍ദ്ദയിടീക്കാന്‍ ചില സാമുദായിക സംഘടനകള്‍ നടത്തിയ ശ്രമങ്ങള്‍ ഏറെക്കുറെ പ്രാവര്‍ത്തികമായിക്കഴിഞ്ഞു. ഇതിനെതിരെ പൊതുവേദിയില്‍ ശബ്ദമുയര്‍ത്തിയ ആദ്യ പ്രമുഖരാഷ്ട്രീയ നേതാവാണ് പിണറായി വിജയന്‍.












Click it and Unblock the Notifications