ചോക്ലേറ്റില്‍ പുഴു; കുഞ്ഞ് അവശനിലയില്‍
കാസര്‍കോട്: ബേക്കറിയില്‍ നിന്ന് വാങ്ങിയ ചോക്ലേറ്റില്‍ പുഴുക്കളെ കണ്ടെത്തിയതായി പരാതി. ചൊവ്വാഴ്ചയാണ് സംഭവം. മേല്‍പ്പറമ്പിലെ ബേക്കറിയില്‍ നിന്ന് ചോക്ലേറ്റ് വാങ്ങിയ മുഹമ്മദ് ഇത് കുട്ടികള്‍ക്ക് നല്‍കുകയായിരുന്നു. മുഹമ്മദിന്റെ മകന്‍ ഫസല്‍ റഹ്മാന്റെ മക്കളാണ് ചോക്ലേറ്റ് കഴിച്ചത്. ചോക്ലേറ്റ് കഴിച്ച ഫൈജാദ് മുഹമ്മദ് (5) ആണ് ആദ്യം അസ്വസ്ഥത പ്രകടിപ്പിച്ചത്. പിന്നീട് രണ്ടരവയസ്സുകാരിയായ ഫൈസ ഛര്‍ദ്ദിക്കാനും തുടങ്ങി. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ ഫൈസയുടെ വായില്‍ നിന്ന് പുഴുക്കളെ കണ്ടെത്തി.നിര്‍ത്താതെ ഛര്‍ദ്ദി അനുഭവപ്പെട്ട ഫൈസ അവശനിലയിലാണ്.
അഞ്ചു രൂപ വില വരുന്ന പത്ത് ചോക്ലേറ്റുകളാണ് ഇവര്‍ക്ക് മുഹമ്മദ് നല്‍കിയത്. കുട്ടികള്‍ മൂന്ന് ചോക്ലേറ്റ് മാത്രമാണ് കഴിച്ചത്. ബാക്കിയുള്ള ചോക്ലേറ്റുകള്‍ പൊട്ടിച്ചു നോക്കിയപ്പോള്‍ അതിലും പുഴുക്കളെ കണ്ടെത്തിയതായി വീട്ടുകാര്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ബേക്കറിയില്‍ വിവരമറിയിച്ചെങ്കിലും അവര്‍ ഇത് ഗൗരവമായെടുത്തില്ലെന്നും ഫസല്‍ റഹ്മാന്‍ പറയുന്നു. ഇതെ തുടര്‍ന്നാണ് ഫുഡ് ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയത്. പരാതി ലഭിച്ചിട്ടുണ്ടെന്നും പഠിച്ച ശേഷം നടപടിയെടുക്കുമെന്നും ഫുഡ് ഇന്‍സ്‌പെക്ടര്‍ അനൂപ്കുമാര്‍ അറിയിച്ചു.












Click it and Unblock the Notifications