മുംബൈ: അന്തരിച്ച ശിവ് സേന നേതാവ് ബാല്‍ താക്കറെയ്ക്ക് എതിരായ ഫേസ്ബുക്ക് പരാമര്‍ശത്തിന്റെ പേരില്‍ 21കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ പെണ്‍കുട്ടിയുടെ പോസ്റ്റ് ലൈക്ക് ചെയ്ത മറ്റൊരു പെണ്‍കുട്ടിയും അറസ്റ്റിലായിട്ടുണ്ട്. ഐപിസി സെക്ഷന്‍ 295(a) പ്രകാരം മതവികാരം വ്രണപ്പെടുത്തിയതിനും 2000ത്തിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ സെക്ഷന്‍ 64പ്രകാരവുമാണ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
താക്കറെയെ പോലുള്ള ആളുകള്‍ എന്നും ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. അതിന്റെ പേരില്‍ നഗരത്തില്‍ ബന്ദ് ആചരിക്കേണ്ടതില്ലെന്നാണ് പെണ്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പെണ്‍കുട്ടി മാപ്പു പറയുകയും കമന്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സംഭവത്തെ തുടര്‍ന്ന് പ്രകോപിതരായ 2000ത്തോളം വരുന്ന ശിവ് സേന പ്രവര്‍ത്തകര്‍ പെണ്‍കുട്ടിയുടെ ബന്ധുവിന്റെ തെക്കന്‍ മുംബൈയിലുള്ള ക്ലിനിക് അടിച്ചു തകര്‍ത്തു.