മോഡിയുടെ ത്രിഡി ടെലികാസ്റ്റ് വിസ്മയമായി
അഹമ്മദാബാദ്: വികസനത്തിലായാലും സാങ്കേതികവിദ്യയിലായാലും താന്‍ എപ്പോഴും ഒരു പടി മുന്നിലാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നാലു നഗരങ്ങളിലായി സംഘടിപ്പിച്ച പടുകൂറ്റന്‍ റാലികളെ ത്രിഡി ടെലികാസ്റ്റിലൂടെ അഭിസംബോധന ചെയ്ത മോഡി അണികളെ വിസ്മയിപ്പിച്ചു. അഹമ്മദാബാദ്, വഡോദര, രാജ്‌കോട്ട്, സൂററ്റ് നഗരങ്ങളിലാണ് ബിജെപി റാലി സംഘടിപ്പിച്ചത്.

ഗാന്ധിനഗറിലെ സ്റ്റൂഡിയോയില്‍ നിന്നുള്ള മോഡിയുടെ പ്രസംഗം ത്രിഡി ഹോളോഗ്രാഫിക് ടെക്‌നോളജിയിലൂടെയാണ് പുറത്തുവിട്ടത്. ഉപഗ്രഹ അപ്‌ലിങ്കിങിലൂടെ നാലു വേദികളിലും മോഡി ഒരേ സമയം പ്രസംഗിച്ചു.
കുരങ്ങന്മാരോടും എലികളോടും തന്നെ താരതമ്യം ചെയ്ത കോണ്‍ഗ്രസിനെ കണക്കിന് കളിയാക്കുന്നതായിരുന്നു പ്രസംഗം. രണ്ടു ജീവികളും ദൈവത്തിന് ഏറെ പ്രിയപ്പെട്ടവരാണ്. കോണ്‍ഗ്രസ് നേതാക്കള്‍ രാമായണം വായിച്ചിട്ടുണ്ടോ? വാനരന്മാരുടെ ശക്തിയെന്താണെന്നറിയാന്‍ അതുമാത്രം മതി. ഗുജറാത്തിലെ ആറു കോടിയോളം വരുന്ന ജനങ്ങളാണ് എന്റെ ദൈവം. അവരെ സേവിക്കുന്ന ഹനുമാനാകാന്‍ എനിക്ക് മടിയില്ല. എലി ഭഗവാന്‍ ഗണപതിയുടെ വാഹനമാണ്. തീര്‍ച്ചയായും ഇനി ഗുജറാത്തിന് തടസ്സങ്ങളുണ്ടാകില്ലെന്ന് ഉറപ്പിക്കാം.
ലോകത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആദ്യമായാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. തുടക്കത്തില്‍ ശബ്ദത്തിന്റെ കാര്യത്തില്‍ ചില തടസ്സങ്ങളുണ്ടായിരുന്നെങ്കിലും പിന്നീട് ആളുകള്‍ക്ക് പ്രസംഗം നന്നായി കേള്‍ക്കാന്‍ സാധിച്ചു.












Click it and Unblock the Notifications