തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസ് സമരം
ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിന്റെ പുതിയ മാനദണ്ഡങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ സൂചകമായി തമിഴ്‌നാട്ടിലെ സ്‌കൂള്‍ ബസുകള്‍ പണിമുടക്കില്‍. ഏതാണ്ട് 10,500 സ്വകാര്യ സ്‌കൂളുകളുള്ള തമിഴ്‌നാട്ടില്‍ മൊത്തം 50,000 സ്‌കൂള്‍ ബസുകള്‍ ഉണ്ട്. കഴിഞ്ഞ ജൂലായ് 25ന് സ്‌കൂള്‍ ബസിനുള്ളിലെ ദ്വാരത്തിലൂടെ വീണ് അഞ്ചു വയസ്സുകാരിയായ ശ്രുതി മരിച്ചിരുന്നു.
ഇതെ തുടര്‍ന്നാണ് സര്‍ക്കാര്‍ സ്‌കൂള്‍ ബസുകള്‍ക്ക് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഇതനുസരിച്ച് സ്‌കൂള്‍ ബസ് ഓടിക്കുന്ന ഡ്രൈവര്‍ക്ക് കുറഞ്ഞത് അഞ്ചു വര്‍ഷത്തെ പരിചയം വേണം. കൂടാതെ അറ്റന്‍ഡര്‍മാര്‍ക്ക് കണ്ടക്ടര്‍ ലൈസന്‍സുണ്ടായിരിക്കണം. നഗരപരിധിയ്ക്കുള്ളില്‍ മണിക്കൂറില്‍ 40കിലോമീറ്റര്‍ വേഗതയേ പാടുള്ളൂ. ബസുകളുടെ സുരക്ഷയുടെ കാര്യത്തിലും സര്‍ക്കാര്‍ നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു. ബസിന്റെ തറഭാഗം കേടുവന്നാല്‍ ഇനിമുതല്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് പകരം അത് മാറ്റിസ്ഥാപിക്കുക തന്നെ വേണമെന്നാണ് നിര്‍ദേശം. അതുപോലെ തന്നെ എല്ലാ സ്‌കൂള്‍ ബസുകളിലും എമര്‍ജന്‍സി എക്‌സിറ്റ് വേണമെന്നും നിര്‍ദേശമുണ്ട്.
എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ വാദം. അതേസമയം കുട്ടികളുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് പകരം ബസുകള്‍ സമരത്തിനിറങ്ങിയതെന്തിനാണെന്ന് അറിയില്ലെന്നാണ് രക്ഷിതാക്കളുടെ നിലപാട്.












Click it and Unblock the Notifications