ഏത് സമയവും തിരഞ്ഞെടുപ്പിന് തയ്യാര്‍: മുലായം
ലഖ്‌നൊ: ഏത് സമയവും ലോകസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി തയ്യാറാണെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്. തിരഞ്ഞെടുപ്പ് എന്നു നടക്കണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ എപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാലും എസ്പി വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കു യാതൊരു സംശയവുമില്ല.

2014ലാണ് പൊതുതിരഞ്ഞെടുപ്പ് നടക്കേണ്ടത്. പക്ഷേ, എപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാലും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനുള്ള കര്‍മ്മപദ്ധതി തയ്യാറാക്കി കഴിഞ്ഞു. പല സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പോലും നിശ്ചയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്ന കാര്യത്തില്‍ ഭരണമുന്നണിക്കുള്ളിലും പ്രതിപക്ഷ കക്ഷികള്‍ക്കിടയിലും അഭിപ്രായവ്യത്യാസമുണ്ട്. പക്ഷേ, എസ്പി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങി കഴിഞ്ഞു.
സ്ഥാനാര്‍ത്ഥി പട്ടിക നേരത്തെ പുറത്തുവിട്ടതിനാല്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഇപ്പോള്‍ തന്നെ ആരംഭിക്കാവുന്നതാണ്. വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് ചോദിക്കാം. കൂടാതെ സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കികൊണ്ടിരിക്കുന്ന ജനക്ഷേമകാര്യങ്ങള്‍ അവരെ അറിയിക്കാനും സാധിക്കും. നെയ്ത്തുകാര്‍ക്കുള്ള വായ്പ, സൗജന്യജലസേചന സൗകര്യങ്ങള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില എന്നിവ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാറിന്റെ നേട്ടങ്ങളാണ്.
ലഖ്‌നോവില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോഴാണ് മുലായം ഇത്തരമൊരു പ്രസ്താവന നടത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ പ്രസ്താവനയെ യുപിഎ കക്ഷികള്‍ ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.












Click it and Unblock the Notifications