കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുടിപ്പള്ളി, സര്‍ക്കാറിനെ ഇകെ വിഭാഗം വെട്ടിലാക്കി

  • By സമദ് മേത്തര്‍
Google Oneindia Malayalam News

മുടിപ്പള്ളി വിവാദത്തില്‍ സര്‍ക്കാരിനെക്കൂടി വലിച്ചിഴയ്ക്കാന്‍ ഇകെ വിഭാഗം സുന്നികള്‍ രംഗത്ത്. വടക്കന്‍ കേരളത്തിലും മുസ്ലീം സമുദായങ്ങള്‍ക്കിടയിലും വിവാദകോലാഹലങ്ങളുണ്ടാക്കിയ തിരുകേശവും തിരുകേശപ്പള്ളിയും വീണ്ടും വാര്‍ത്തകളിലേക്കെത്തിക്കുക മാത്രമല്ല ഭരണകൂടത്തെക്കൂടി വെട്ടിലാക്കുകയാണ് തിരുകേശവിരുദ്ധരായ സുന്നികള്‍. കാന്തപുരത്തിനെതിരെയുള്ള യുദ്ധത്തില്‍ സംസ്ഥാന സര്‍ക്കാരിനെക്കൂടി കക്ഷിചേര്‍ത്ത് വിവാദം കൊഴുപ്പിക്കുക മാത്രമല്ല ഭരണത്തിലെ പ്രബലരായ മുസ്ലീം ലീഗിനെ വെട്ടിലാക്കുക കൂടിയാണ് ഇവരുടെ ലക്ഷ്യം.

Thirukesham Palli

സംസ്ഥാനം ഭരിക്കുന്ന യുഡിഎഫ് മുന്നണിയിലെ പ്രബലരായ മുസ്ലീംലീഗ് ഇകെ വിഭാഗം സുന്നികള്‍ക്ക് വന്‍സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ്. ലീഗിന്റെ സംസ്ഥാനാധ്യക്ഷന്‍ പാണക്കാട് തങ്ങള്‍ ഇകെ സുന്നികളുടെ പണ്ഡിതസഭയിലെ പ്രധാനിയുമാണ്. രാഷ്ട്രീയ ലാഭം നോക്കി ലീഗ് തങ്ങളുടെ ശത്രുപക്ഷമായ എപി വിഭാഗം സുന്നികളോട് മൃദുസമീപനം സ്വീകരിക്കുന്നത് ഇ കെ വിഭാഗം നേതാക്കളില്‍ കടുത്ത എതിര്‍പ്പാണിണ്ടാക്കിയത്. തിരുകേശവിവാദത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും കോടതിയില്‍ ഇത് സംബന്ധിച്ച സത്യവാങ്മൂലം നല്‍കണമെന്നുമാണ് ഇകെ സുന്നി നേതാക്കളുടെ പുതിയ ആവശ്യം. ഇത് മുസ്ലീം ലീഗ് നേതാക്കളെയും മന്തിമാരെയും അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കും.

അഭിപ്രായഭിന്നതകള്‍ മറന്ന് വിശാലമുസ്ലീം ഐക്യം രൂപപ്പെടുത്തി മുസ്ലീം രാഷ്ട്രീയത്തെ ലീഗിന് അനുകൂലമാക്കാനുള്ള നീക്കങ്ങളാണ് കഴിഞ്ഞ അഞ്ചുകൊല്ലമായി മുസ്ലീം ലീഗ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി മുസ്ലീം സമുദായത്തിലെ പ്രബലരായ എ പി വിഭാഗം സുന്നികളുമായും അവരുടെ നേതാവ് കാന്തപുരവുമായും ലീഗ് ഏറെക്കുറെ ധാരണകളിലെത്തിയിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. എന്നാല്‍ ഇകെ വിഭാഗത്തോട് കൂറുപുലര്‍ത്തുന്ന ലീഗ് നേതാക്കള്‍ ഇതില്‍ അസംതൃപ്തരുമായിരുന്നു. മുസ്ലീംലീഗിനകത്ത് തന്നെ ഇകെ വിഭാഗം സുന്നി നേതാക്കള്‍ കലാപമുയര്‍ത്തുന്ന സമയത്താണ് കാന്തപുരത്തിനെതിരെയുള്ള നീക്കത്തില്‍ സര്‍ക്കാരിനെയും പ്രത്യേകിച്ച് ലീഗ് മന്ത്രിമാരെയും വെട്ടിലാക്കി ഇകെ വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

'വ്യാജകേശം' ഉപയോഗിച്ചുള്ള ചൂഷണം സംബന്ധിച്ച് കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ച പ്രകാരം സത്യവാങ് മൂലം നല്‍കാത്ത സര്‍ക്കാര്‍ നിലപാട് അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന കുറ്റപ്പെടുത്തലുമായാണ് ഇകെ വിഭാഗം സുന്നി നേതാക്കള്‍ ചൊവ്വാഴ്ച പത്രസമ്മേളനം നടത്തിയത്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നീതിയുക്തവും സത്യസന്ധവുമായ നിലപാട് അറിയിക്കാന്‍ തയ്യാറാകണമെന്ന് എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, എസ്‌വൈഎസ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ ആവശ്യപ്പെട്ടു.

കേരളീയ സമൂഹത്തില്‍ രണ്ട് വര്‍ഷക്കാലം സജീവ ചര്‍ച്ചക്ക് വിധേയമായ വിവാദകേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചതാണെന്നും അതിന്റെ സൂക്ഷിപ്പുകാര്‍ പോലും ആധികാരികത സംബന്ധിച്ച വിശദീകരണങ്ങള്‍ നിര്‍ത്തിവച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നീതിയുക്തമായ തീരുമാനം ഹൈക്കോടതിയെ അറിയിക്കേണ്ടതുണ്ടെന്നും ഇവര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സത്യാവാങ്മൂലം നല്‍കാനുള്ള ഹൈക്കോടതി നിര്‍ദ്ദേശം മാസങ്ങള്‍ നീട്ടിക്കൊണ്ടു പോയപ്പോള്‍ ഹൈക്കോടതി ഇടപെട്ട് രണ്ടാഴ്ച സമയം നല്‍കി കര്‍ക്കശമായ സമീപനം സ്വീകരിച്ചത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും കാണിക്കുന്ന നിലപാട് ദുരൂഹതയുണ്ടാക്കുന്നുവെന്നും ഇവര്‍ ആരോപിച്ചു.

കേന്ദ്രനിര്‍ദ്ദേശ പ്രകാരമുള്ള അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചതിനാലാണ് ഈ വിഷയത്തില്‍ പൊതുതാല്‍പര്യ ഹര്‍ജി തന്നെ ഹൈക്കോടതിയില്‍ എത്താന്‍ കാരണമായതെന്ന് നേതാക്കള്‍ പറയുന്നു. വ്യാജകേശത്തിന്റെ മറവില്‍ കോടികളുടെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടക്കുന്നത് നേരത്തെ തന്നെ പുറത്തുവന്നതാണ്. കോഴിക്കോട് ജില്ലയുടെ മലയോരമേഖലയില്‍ ഈ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഇപ്പോഴും കച്ചവടങ്ങള്‍ തുടരുകയാണെന്നും എസ് കെ എം ഇ എ ജനറല്‍ സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, വൈസ് പ്രസിഡന്റ് നാസര്‍ ഫൈസി കൂടത്തായി എന്നിവര്‍ ആരോപിച്ചു.

എ പി വിഭാഗം സുന്നികളുടെ പരമാചാര്യനായ കാന്തപുരം എ പി അബൂബക്കര്‍ മുസല്യാരാണ് തിരുകേശപ്പള്ളി എന്ന ആശയവുമായി പിരിവ് തുടങ്ങിയത്. മുഹമ്മദ് നബിയുടേത് എന്ന് അവകാശപ്പെട്ട തലമുടി നാര് സൂക്ഷിക്കാന്‍ വേണ്ടി നാല്‍പ്പത് കോടി രൂപ മുടക്കി പഞ്ചനക്ഷത്ര പള്ളി പണിയാന്‍ ലോകമെമ്പാടും പിരിവ് തുടങ്ങിയതോടെയാണ് മുടിപ്പള്ളി വിവാദത്തിലേക്കെത്തിയത്. എ പി വിഭാഗം സുന്നികളുടെ ബദ്ധവൈരികളായ ഇ കെ വിഭാഗം സുന്നികളാണ് മുഹമ്മദ് നബിയുടേതെന്ന അവകാശപ്പെടുന്ന മുടിനാര് വ്യാജമാണെന്നും പ്രവാചകന്റേത് എന്ന് അവകാശപ്പെടുന്ന മുടി ഉപയോഗിച്ച് വന്‍തോതില്‍ പണപ്പിരിവ് നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ആരോപിച്ച് രംഗത്തെത്തിയത്. ഇരുവിഭാഗം സുന്നികളും വമ്പന്‍ പ്രചരണപരിപാടികളാണ് ഇതുമായി ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരിക്കുന്നത്. വെല്ലുവിളികളും വിശദീകരണയോഗങ്ങളും പ്രചരണജാഥകളും പോസ്റ്റര്‍ യുദ്ധങ്ങളും ലഘുലേഖാപ്രളയവും പത്രപ്രസ്താവനകളും എന്നുവേണ്ട കഴിഞ്ഞ രണ്ടുവര്‍ഷമായി മുടിപ്പള്ളി വലിയ കോളിളക്കങ്ങളാണുണ്ടാക്കുന്നത്.

English summary
The 25,000-30,000 capacity place of worship was proposed in early 2011 by Kanthapuram A. P. Aboobacker Musliyar, who heads a faction of Sunnis in western Kerala and claims to have a lock of Prophet Muhammad’s hair.Opponents from other Sunni groups allege the lock of hair is fake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X