• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാര്‍ ക്ലിമ്മീസ് കര്‍ദ്ദിനാളായി സ്ഥാനമേറ്റു

  • By Ajith Babu

വത്തിക്കാന്‍ സിറ്റി: മലങ്കര കത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് ബസേലിയോസ് മാര്‍ ക്ലീമിസ് കര്‍ദിനാളായി സ്ഥാനമേറ്റു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന അഭിഷേകചടങ്ങില്‍ മാര്‍ ക്ലിമീസിനോടൊപ്പം കത്തോലിക്കാസഭയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അഞ്ച് ബിഷപ്പുമാരേയും മാര്‍പാപ്പ സഭയിലെ അത്യുന്നത പദവിയിലേക്ക് ുയര്‍ത്തി.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് കര്‍ദിനാള്‍മാരുടെ സ്ഥാനചിഹ്നങ്ങള്‍ അണിയിച്ച് മാര്‍പാപ്പ ക്ലീമിസിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. ഞായറാഴ്ച രാവിലെ ഒമ്പതിനു സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പുതിയ കര്‍ദിനാള്‍മാര്‍ മാര്‍പാപ്പയോടൊപ്പം ദിവ്യബലി അര്‍പ്പിക്കും. വൈകിട്ട് നാലിനു മലങ്കര റീത്തില്‍ നടക്കുന്ന ദിവ്യബലിയെ തുടര്‍ന്ന് അനുമോദനസമ്മേളനം ചേരും.

തിങ്കളാഴ്ച കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ മാര്‍പാപ്പയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച സ്ഥാനാരോഹണ ചടങ്ങുകള്‍ക്കെത്തിയ സംഘത്തിന് മാര്‍പാപ്പ പ്രത്യേകവിരുന്ന് നല്‍കും.

ഇന്ത്യയില്‍ നിന്നു കര്‍ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഡോ. ടെലസ്‌ഫോര്‍ ടോപ്പോ,തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം, കണ്ണൂര്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍, കേന്ദ്രമന്ത്രി കെ സി. വേണുഗോപാല്‍, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, ജോസ് കെ മാണി എംപി,തിരുവനന്തപുരം മേയര്‍ കെ. ചന്ദ്രിക, പാലോട് രവി എംഎല്‍എ, പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട, ഗുരുരത്‌ന ജ്ഞാനതപസ്വി, സൂക്ഷ്മാനന്ദ, മാര്‍ത്തോമാ സഭയിലെ ജോസഫ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത, സിഎസ്‌ഐ ബിഷപ് റവ. ധര്‍മരാജ് റസാലം, യാക്കോബായ സഭയിലെ ആയൂബ് മാര്‍ സില്‍വാനോസ് എന്നിവരും സംബന്ധിച്ചു.

മലങ്കര കത്തോലിക്കാ സഭയുടെ 82 വര്‍ഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് കര്‍ദിനാള്‍ പദവിയിലേക്ക് ഒരാള്‍ ഉയര്‍ത്തപ്പെടുന്നത്. ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ കര്‍ദിനാള്‍ കൂടിയാണ് 53കാരനായ ക്ലീമിസ് കാതോലിക്കാ ബാവ.

കത്തോലിക്കാ സഭയുടെ പരമോന്നത പദവിയിലെത്തുന്ന അഞ്ചാമത്തെ മലയാളിയാണ് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ഇതോടെ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള മെത്രാന്‍ സംഘത്തില്‍ മാര്‍ ക്ലീമിസിന് ഇടം ലഭിക്കും.

ഒരേ കാലഘട്ടത്തില്‍ത്തന്നെ കേരളത്തില്‍ നിന്ന് രണ്ടുപേര്‍ കര്‍ദിനാള്‍ പദവിയിലിരിക്കുന്നതും ഇതാദ്യമായാണ്. സീറോ മലബാര്‍ സഭയെ നയിക്കുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് മറ്റൊരു മലയാളി കര്‍ദിനാള്‍.

1959 ജൂണ്‍ 15ന് പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിക്കടുത്ത് മുക്കൂറില്‍ തോട്ടുങ്കല്‍ വീട്ടില്‍ പരേതരായ മാത്യുഅന്നമ്മ ദമ്പതിമാരുടെ മകനായി ജനിച്ച മാര്‍ ക്ലീമിസ് 1986ല്‍ വൈദികനായി. 2001 ജൂണില്‍ മെത്രാന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. തിരുവല്ല രൂപതയില്‍ ബിഷപ്പായിരിക്കെ 2006ല്‍ അദ്ദേഹത്തെ ആര്‍ച്ച് ബിഷപ്പായി നിയമിച്ചു.

English summary
Major Archbishop Baselius Mar Clemis was declared as Cardinal by the Pope on Saturday at the Vatican city.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X