അമീര്‍ ഖാന്റെ ഷോയില്‍ പങ്കെടുത്തയാളെ കൊന്നു

ഇസ്ലാം വിശ്വാസികളായ അബ്ദുള്‍ ഹ്ക്കീം (28), മെഹ് വിഷ് (26) എന്നിവരാണ് വീട്ടുകാരുടെ സമ്മതമില്ലാതെ കഴിഞ്ഞ മെയില്‍ വിവാഹിതരായത്. വ്യത്യസ്ത സാമൂഹ്യസാമ്പത്തിക പശ്ചാത്തലത്തില്‍ നിന്നും വരുന്ന ഇവരുടെ വിവാഹം അംഗീകരിയ്ക്കാന്‍ വീട്ടുകാര്‍ തയാറായിരുന്നില്ല. തുടര്‍ന്ന് എന്‍ജിഒയുടെ സംരക്ഷണത്തിലായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്.
രണ്ടാഴ്ച മുമ്പ് ഒമ്പത് മാസം ഗര്‍ഭിണിയായ ഭാര്യയുമൊത്ത് ഹക്കീം രോഗിയായ അമ്മയെ കാണാന്‍ ബുലന്ദഷാറിലെ അഡോലി ഗ്രാമത്തിലെത്തിയിരുന്നു. ഇവിടുത്തെ പൊലീസ് സ്റ്റേഷനില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഹക്കീം കൊല്ലപ്പെട്ടത്.
അഡോലി സ്വദേശികളായ ദമ്പതിമാര്‍ രണ്ട് വര്‍ഷം മുമ്പാണ് ഒളിച്ചോടി വിവാഹം കഴിഞ്ഞത്. വിവാഹത്തെ മെഹ് വിഷിന്റെ കുടുംബം ശക്തിയായി എതിര്‍ത്തിയിരുന്നു. ഹക്കീമിന്റെ കുടുംബം ഇസ്ലാമിലെ താഴെക്കിടയിലുള്ള ഫക്കീര്‍ വിഭാഗത്തില്‍പ്പെടുന്ന ദരിദ്ര കുടുംബമായതിനാലാണ് മെഹ് വിഷിന്റെ കുടുംബം വിവാഹത്തെ എതിര്‍ത്തത്.
തങ്ങളെ സമാധാനത്തോടെ ജീവിയ്ക്കാന്‍ അനുവദിയ്ക്കാതിരുന്ന കുടുംബം തക്കം കിട്ടിയപ്പോള്‍ പ്രതികാരം വീട്ടുകയായിരുന്നുവെന്ന് മെഹ് വിഷ് പറഞ്ഞു.
തന്റെ ഷോയില്‍ പങ്കെടുക്കാന്‍ വരുമ്പോള്‍ തന്നെ ഈ ദമ്പതിമാര്‍ ഭീതിയിലായിരുന്നുവെന്ന് നടന്‍ അമീര്‍ ഖാന്‍ ജയ്പൂരില്‍ പറഞ്ഞു. തങ്ങളാരെയും നിര്‍ബന്ധിച്ചല്ല, ഈ ഷോയില്‍ പങ്കെടുപ്പിച്ചത്. സംഭവം നിര്‍ഭാഗ്യകാര്യവും ലജ്ജാകരവുമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൊലപാതകം വ്യക്തിവൈരാഗ്യമെന്ന നിലപാടിലാണ് യുപി പൊലീസ്. എന്നാല്‍ ഇത് തെറ്റാണെന്ന് മെഹ് വിഷും ഇവര്‍ക്ക് അഭയം നല്‍കിയ ലൗ കമാന്‍ഡോസ് എന്ന എന്‍ജിഒ സംഘടനയും പറയുന്നു. ഹക്കീമിന്റെ കുടുംബത്തിലുള്ള ചില പ്രശ്‌നങ്ങളാണ് കൊലയ്ക്ക് പിന്നിലെന്നും പ്രണയവിവാഹവുമായി ബന്ധപ്പെട്ട് കൊല നടന്നതെന്ന് കരുതാനാവില്ലെന്നും ബുലന്ദ്ഷാര്‍ സിഐ ലാല്‍ എസ് യാദ വ് പറഞ്ഞു.
ഹക്കീമിന്റെ കുടുംബത്തിന് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് അമീര്‍ ഖാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications