പാര്‍ട്ടി പിന്നില്‍ നിന്നു കുത്തി: യെഡിയൂരപ്പ
ബാംഗ്ലൂര്‍: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും വിമത നേതാവുമായ ബിഎസ് യെഡിയൂരപ്പ ബിജെപിയില്‍ നിന്നും രാജിവെച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്ക് രാജികത്ത് ഫാക്‌സ് അയയ്ക്കുകയായിരുന്നു. നിയമസഭാ അംഗത്വവും രാജിവെയ്ക്കുന്നുണ്ട്.

സംസ്ഥാനത്തെ ചില നേതാക്കള്‍ പിന്നില്‍ നിന്നു കുത്തുകയായിരുന്നു. പലതും അനുഭവിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാം സഹിക്കുകയായിരുന്നു. പുതിയ പാര്‍ട്ടി ഡിസംബര്‍ ഒമ്പതിന് നിലവില്‍ വരും-അനുഭാവികള്‍ക്കായി ബാംഗ്ലൂര്‍ ഫ്രീഡം പാര്‍ക്കില്‍ വിളിച്ചു ചേര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് എംഎല്‍എമാരും രണ്ടു എംപിമാരും മൂന്നു എംഎല്‍എസിമാരും ഈ ലിങ്കായത് നേതാവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
50 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും അവരില്‍ ഭൂരിഭാഗം പേരോടും പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയുമാണെന്ന് ദക്ഷിണേന്ത്യയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായിരുന്ന ബൊക്കനക്കരെ സിദ്ധലിംഗപ്പ യെഡിയൂരപ്പ വ്യക്തമാക്കി.
ജനസംഘത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ യെഡിയൂരപ്പയാണ് കര്‍ണാടകയില്‍ ബിജെപിയെ വളര്‍ത്തി വലുതാക്കിയത്. 25 വര്‍ഷം മുമ്പ് ഒരു എംഎല്‍എ മാത്രമുണ്ടായിരുന്ന ബിജെപിയെ വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണത്തിലേറ്റിയത് ഈ നേതാവിന്റെ മിടുക്കു തന്നെയായിരുന്നു. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് 2011ലാണ് രാജിവെച്ചത്. കര്‍ണാടക ജനതാപാര്‍ട്ടി എന്ന പേരിലായിരിക്കും പുതിയ പാര്‍ട്ടി പ്രവര്‍ത്തിക്കുകയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്..












Click it and Unblock the Notifications