ടിപി വധം, വാദം ഡിസംബര്‍ 12 മുതല്‍
റവല്യൂഷണറി മാര്‍സിസ്റ്റ് പാര്‍ട്ടി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ വിചാരണ നടപടികള്‍ ഡിസംബര്‍ 12ലേയ്ക്കു മാറ്റി. കേസുമായി ബന്ധപ്പെട്ട് തെളിവായി നല്‍കിയ രേഖകളുടെ പകര്‍പ്പ് പ്രതിഭാഗത്തിനു 12ന് മുന്‍പുതന്നെ നല്‍കാനും കേസ് പരിഗണിച്ച മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണപിഷാരടി ഉത്തരവിട്ടു. തെളിവായി നല്‍കിയ 16 രേഖകളുടെ പകര്‍പ്പ് 74 പ്രതികള്‍ക്കും നല്‍കണമെന്നാണ് നിര്‍ദേശം. അന്നുതന്നെ പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.

പ്രതികള്‍ക്കു കൊടുത്ത കോപ്പികളില്‍ ചില പേജുകള്‍ ഇല്ലെന്നും സിഡികളുടെ പകര്‍പ്പ് ചില പ്രതികള്‍ക്ക് ലഭിച്ചിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ രേഖകളുടെ പകര്‍പ്പ് വാങ്ങേണ്ടിയിരുന്നത് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നാണെന്നും വിചാരണ തുടങ്ങാനിരിക്കുന്ന വേളയില്‍ സാങ്കേതികപ്രശ്‌നം ചൂണ്ടിക്കാട്ടി വിചാരണ വൈകിപ്പിക്കാനുള്ള ശ്രമമാണ് പ്രതിഭാഗം നടത്തുന്നതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. തുടര്‍ന്നാണ് 12ന് മുന്‍പ് മുഴുവന്‍ രേഖകളും നല്‍കാന്‍ കോടതി ഉത്തരവിട്ടത്.
25ാം പ്രതി രജികാന്തും 27ാം പ്രതി സി രജിത്തും അഭിഭാഷകര്‍ മുഖേന നല്‍കിയ ജാമ്യ ഹര്‍ജി വാദം കേട്ട ശേഷം പരിഗണിക്കുന്നതിനായി ഡിസംബര്‍ ആറിലേക്ക് മാറ്റി. മൊത്തം 76 പ്രതികളുള്ള കേസില്‍ 72 പ്രതികള്‍ ഇന്നലെ വിചാരണയ്ക്കായി എത്തി. 50ാം പ്രതി മുടക്കുഴി മുഴക്കുന്നു ജിഗേഷ്(25), 63-ാം പ്രതി മുടക്കുഴി കളത്തിങ്ങല്‍ സുധീഷ്(28)എന്നിവര്‍ ഇന്നലെ ഹാജരാകാനാവില്ലെന്ന് കാണിച്ച് അപേക്ഷ സമര്‍പ്പിച്ചിരുന്നു. 24-ാം പ്രതി ടി എം രാഹുല്‍, 52-ാം പ്രതി മുഹമ്മദ് സാഹിര്‍ എന്നിവര്‍ ഒളിവിലാണ്.
കനത്ത സുരക്ഷയില്‍ ഇന്നലെ രാവിലെ 10.35നാണ് പ്രതികളെയും വഹിച്ചുകൊണ്ടുള്ള വാഹനം കോടതി വളപ്പില്‍ എത്തിയത്. 11നു ആരംഭിച്ച കോടതി നടപടികള്‍ 12.30നാണ് അവസാനിച്ചത്. നൂറിലധികം പോലീസുകാരെ കോടതി വളപ്പിലും പുറത്തും വിന്യസിച്ചിരുന്നു. കോടതിയുടെ രണ്ടാമത്തെ ഗേറ്റ് വഴിയാണ് പ്രതികളുമായുള്ള പോലീസ് വാഹനം അകത്തുകടന്നത്. നോര്‍ത്ത് അസി: കമ്മീഷണര്‍ പ്രിന്‍സ് എബ്രഹാമിനായിരുന്നു കോടതിയിലെ സുരക്ഷാച്ചുമതല.
പ്രൊഡക്ഷന്‍ വാറണ്ട് ലഭിക്കാത്തതിനാല്‍ മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാജരാവാതിരുന്ന ആറാം പ്രതി ചെമ്പാട് പാലോറത്ത്‌വീട്ടില്‍ സിജിത്ത് എന്ന അണ്ണന്‍ സിജിത്ത്(23), 26-ാം പ്രതി കതിരൂര്‍ താഴെപുതിയവീട് കാരായി രാജന്‍(51) എന്നിവര്‍ ഇന്നലെ ഹാജരായി. ഇവര്‍ ഹാജരാവണമെന്ന് കാണിച്ച് കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കേസില്‍ 76 പ്രതികളാണുള്ളത്. കഴിഞ്ഞ മേയ് നാലിന് രാത്രി പത്തരയ്ക്കാണ് ഓര്‍ക്കാട്ടേരി വള്ളിക്കാട്ടുവച്ചാണ്് പ്രതികള്‍ ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്നത്. അടുത്ത ജൂലായ് 31നകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications