വയനാട്ടില്‍ കടുവയെ വെടിവെച്ച് കൊന്നു
കല്‍പ്പറ്റ: വയനാട്ടില്‍ കടുവയെ വെടിവെച്ചുകൊന്നു. രണ്ടാഴ്ചയോളമായി മേഖലയില്‍ ഭീതി പടര്‍ത്തിയിരുന്ന കടുവയെ ഞായറാഴ്ച രാവിലെ മുലങ്കാവിനടുത്തുള്ള തേലമ്പറ്റയില്‍ വെച്ചാണ് വെടിവെച്ചിട്ടത്. രണ്ടു തവണ മയക്കുവെടി വെച്ചിട്ടും കീഴടക്കാനാവാതെ വന്നതോടെ പ്രത്യേക ദൗത്യസംഘം വെടിവെച്ചുകൊല്ലുകയായിരുന്നു.

ജനവാസകേന്ദ്രങ്ങളിലിറങ്ങി രണ്ട് ആടിനെയും ഒരു പശുവിനെയും കടുവ തിന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചതിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് കടുവയെ വെടിവെച്ചുകൊല്ലാന്‍ തീരുമാനിച്ചത്.
പക്ഷേ, നാട്ടിലിറങ്ങിയ കടുവയെ വെടിവെച്ചുകൊന്നവര്‍ നിയമകുരുക്കില്‍ കുടുങ്ങാനുള്ള സാധ്യത കൂടുതലാണ്. ഇപ്പോള്‍ വയനാട്ടില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന വിഷയം ഇതോടെ ദേശീയ ശ്രദ്ധയായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. അതിശക്തമായ വനനിയമം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ.
എന്തുകൊണ്ടാണ് കടുവ കാട്ടില്‍ നിന്ന് നാട്ടിലേക്കിറങ്ങിയതെന്നതിനെ കുറിച്ച് പഠിയ്ക്കാന്‍ ശ്രമിക്കാത്ത അധികൃതരുടെ നടപടിക്കെതിരേ മൃഗസ്‌നേഹികള്‍ നേരത്തെ തന്നെ ശബ്ദമുയര്‍ത്തിയിരുന്നു. ഉള്‍കാട്ടില്‍ വനം വെട്ടിത്തെളിക്കലോ കഞ്ചാവ് കൃഷിയോ നക്‌സല്‍ സാന്നിധ്യമോ അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയിലുള്ള മനുഷ്യ ഇടപെടലോ ഉണ്ടായിട്ടുണ്ടെന്നു വേണം അനുമാനിക്കാന്‍. അത്തരം ഇടപെടലുകള്‍ തുടരുന്നിടത്തോളം കാലം കടുവള്‍ ഇനിയും നാട്ടിലിറങ്ങും. ഈ പോക്ക് പോയാല്‍ കടുവയെ പേടിച്ച് കാട് തന്നെ വെട്ടിതെളിക്കാനുള്ള സാധ്യതയുണ്ട്.












Click it and Unblock the Notifications