വെടിവെച്ചത് പെണ്‍കടുവയ്ക്ക്, ചത്തത് ആണ്‍കടുവ
രണ്ടാഴ്ചയിലേറെയായി വയനാടിനെ വിറപ്പിച്ച കടുവയെ വനം വകുപ്പ് ദൗത്യ സംഘം വെടിവെച്ചുകൊന്നെങ്കിലും വെടിവച്ച വനപാലകര്‍ കുടുക്കിലായി. സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍വെടിവെയ്ക്കാന്‍ ഉത്തരവായത് പെണ്‍കടുവയെയായിരുന്നു. എന്നാല്‍ നൂല്‍പുഴ പഞ്ചായത്തിലെ തേലമ്പറ്റയില്‍ വനം ദൗത്യസേന വെടിവച്ചുകൊന്നത് ആണ്‍കടുവയെയാണ്. ഇതിനെത്തുടര്‍ന്ന് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി എഗനിസ്റ്റ് അനിമല്‍സിലെ(എസ് പി സി എ) ഭാരവാഹികളും വിഷയത്തില്‍ ഇടപെട്ട് കര്‍ശന നടപടിയെടുക്കുമെന്ന് അറിയിച്ചതോടെ കടുവാവേട്ടയ്ക്ക് ചുക്കാന്‍ പിടിച്ച വനം-വന്യജീവിപാലകര്‍ കെണിയിലായി.

വടക്കേ വയനാട് വനം ഡിവിഷനിലെ അപ്പപ്പാറ പുലിവാല്‍മുക്കില്‍ കെണിവച്ച് പിടിച്ച് കഴിഞ്ഞ മാസം 14ന് വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് വനത്തില്‍ വിട്ട പെണ്‍കടുവയെ വെടിവെക്കാനാണ് നവംബര്‍ 21ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവായത്. കെണിവച്ചുപിടിച്ച കടുവയെ കുറിച്യാട് വനത്തില്‍ വിട്ടതിനു പിന്നാലെ ബത്തേരി താലൂക്കിലെ നൂല്‍പുഴ, ബത്തേരി, നെന്മേനി പഞ്ചായത്തുകളില്‍ കടുവ വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നതു പതിവായി. ഈ സാഹചര്യത്തില്‍ ഉയര്‍ന്ന പ്രക്ഷോഭങ്ങളുടെയും വയനാട് എം പിയും, ബത്തേരി എം എല്‍ എയും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും നാട്ടുകാരും ചെലുത്തിയ സമ്മര്‍ദ്ദത്തെയും തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണമാണ് കടുവാവേട്ടയ്ക്ക് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി ഗോപിനാഥ് ഉത്തരവിട്ടത്.
തിരുനെല്ലി വനത്തില്‍നിന്നു പിടിച്ച് കുറിച്യാട് വനത്തില്‍ വിട്ട കടുവ തന്നെയാണ് നൂല്‍പുഴയിലും മറ്റും ജനവാസകേന്ദ്രങ്ങളിലിറങ്ങുന്നത് എന്ന് സ്ഥിരീകരിച്ച് കെണിവച്ചോ മയക്കുവെടി പ്രയോഗിച്ചോ പിടിക്കണമെന്നായിരുന്നു ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. ഈ രണ്ട് മാര്‍ഗങ്ങളും വിഫലമായാല്‍ 'മറ്റു മാര്‍ഗങ്ങള്‍' സ്വീകരിക്കാമെന്നും ഉത്തരവിലുണ്ടായിരുന്നു. എന്നാല്‍ പെണ്‍കടുവയ്ക്ക പകരം ആണ്‍കടുവ കൊല്ലപ്പെട്ടതോടെ വന്‍നിയമക്കുരുക്കിലാണ് വനപാലകര്‍ പെട്ടിരിക്കുന്നത്.
വെടിവച്ചുകൊന്ന ആണ്‍കടുവയുടെ ജഡം കുപ്പാടിയിലെ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസില്‍ ഞായറാഴ്ച വൈകിട്ട് പോസ്റ്റുമോര്‍ട്ടം ചെയ്തു. ചീഫ് വൈല്‍ഡ് വാര്‍ഡന്‍ ഒ.പി കലേര്‍, ഡബ്ല്യു.ടി.ഐ പ്രതിനിധി രമിത്ത്, ഡബ്ല്യു.ഡബ്ല്യു.എഫ് പ്രതിനിധി വിഷ്ണു എന്നിവരുടെ സാന്നിദ്ധ്യത്തില്‍ വയനാട് വനം വകുപ്പ് വെറ്ററിനറി ഡോക്ടര്‍ അരൂണ്‍ സക്കറിയ, കോന്നി ഫോറസ്റ്റ് വെറ്ററിനറി ഡോക്ടര്‍ ശശീന്ദ്രദേവ്, പെരിയാര്‍ വെറ്ററിനറി ഡോക്ടര്‍ ശ്രീജിത്ത് എന്നിവരാണ് നടത്തിയത്. പോസ്റ്റുമോര്‍ട്ടം പൂര്‍ണ്ണമായും വീഡിയോയില്‍ പകര്‍ത്തി. രാത്രി എട്ടു മണിയോടെയാണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നാഷണല്‍ ടൈഗര്‍ അതോറിറ്റിക്ക് ഉടനെ കൈമാറേണ്ടതുണ്ട്.












Click it and Unblock the Notifications