കടുവയെ കൊന്നവര്‍ക്കെതിരെ മനേക ഗാന്ധി

ഞായറാഴ്ച രാവിലെ സുല്‍ത്താന്‍ ബത്തേരിയ്ക്കടുത്തുള്ള മൂലങ്കാവിലെ ഒരു കാപ്പിത്തോട്ടത്തില്‍ വച്ചാണ് കടുവയെ വെടിവച്ചു കൊന്നത്. മയക്കുവെടി വച്ചതിന് പിന്നാലെ വെടിവച്ച് കടുവയെ വീഴ്ത്തുകയായിരുന്നു. രണ്ടാഴ്ചയോളം നീണ്ട ദൗത്യത്തിനൊടുവിലായിരുന്നു കടുവയെ വെടിവച്ചിട്ടത്.
കടുവയെ കൊന്നതിനെതിരെ സംസ്ഥാനത്തെ പരിസ്ഥിതിവാദികള്‍ തന്നെ രംഗത്തെത്തിയിരുന്നു. വനംവകുപ്പിന്റെ നടപടിയ്‌ക്കെതിരെ പരാതിയുമായി ചിലര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. ഇവര്‍ക്കൊപ്പം പ്രതിഷേധവുമായി രാജ്യത്തെ പ്രമുഖ മൃഗാവകാശ പ്രവര്‍ത്തകയും പരിസ്ഥിതി സ്‌നേഹിയുമായ മനേക ഗാന്ധിയും ചേരുകയാണ്.
വന്യജീവി സംരക്ഷണവകുപ്പ് അടച്ചുപൂട്ടേണ്ട നിലയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് പീപ്പിള്‍ ഫോര്‍ എനിമല്‍സ് എന്ന സംഘടനയുടെ അധ്യക്ഷയായ മനേക ഗാന്ധി പറയുന്നു.
വയനാട്ടില്‍ ചത്ത കടുവ മനുഷ്യതീനിയല്ലായിരുന്നുവെന്നും അതിനാല്‍ തന്നെ അതിനെ കൊല്ലേണ്ടി ആവശ്യമില്ലായിരുന്നില്ല. 'ദ ഹിന്ദു' ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കടുവ വേട്ടയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മനേക രംഗത്തെത്തിയത്.
കടുവയെ പിടിയ്ക്കാനാണ് മറിച്ച് കൊല്ലാനല്ല ദൗത്യസംഘം രൂപീകരിച്ചത്. കടുവയെ പിടികൂടി പുനരധിവസിപ്പിയ്ക്കുകയെന്നത് വിഷമമുള്ള കാര്യമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ദൗത്യസംഘത്തിനൊപ്പം തിരച്ചിലിനിറങ്ങിയ ജനക്കൂട്ടത്തെ നിയന്ത്രിയ്ക്കാന്‍ കഴിയാതെ വന്നപ്പോഴാണ് കടുവയെ കൊല്ലേണ്ടി വന്നതെന്ന് വനംവകുപ്പ് അധികൃതരുടെ വിശദീകരണം. ബന്ധപ്പെട്ട അധികാരികള്‍ തന്നെ ജനക്കൂട്ടത്തെ കാട്ടിനുള്ളിലേക്ക് കയറാനും വേട്ടയ്ക്ക് സാക്ഷികളാവാനും പ്രോത്സാഹിപ്പിച്ചുവെന്നാണ് ഇത് തെളിയിക്കുന്നത്.
കടുവയെ രക്ഷിയ്ക്കാനായിരുന്നു ദൗത്യസംഘം ശ്രമിയ്‌ക്കേണ്ടത്. അല്ലാതെ ഇല്ലാതാക്കാനല്ല. വീണ്ടുവിചാരമില്ലാതെ വന്യജീവികളെ കൊന്നൊടുക്കുകയെന്ന സന്ദേശമാണ് ഇതിലൂടെ കേരളം നല്‍കുന്നതെന്നും മനേക പറയുന്നു












Click it and Unblock the Notifications