അധ്യാപകരുടെ മര്‍ദ്ദനമേറ്റു കുട്ടി മരിച്ചു
ഭോപ്പാല്‍: രണ്ട് അധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥി മരിച്ചു. മധ്യപ്രദേശിലെ ബെതുല്‍ ജില്ലയിലെ പതഖെഡയിലാണ് സംഭവം. ഗുരുതരമായ പരിക്കേറ്റ അസ്ലം അന്‍സാരിയെന്ന നാലാം ക്ലാസുകാരന്‍ ഭോപ്പാലിലുള്ള ഹമീദിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്.
ബിര്‍ജുകുമാര്‍ സൊനാരിയ, വിജയ് റാം ഭഗത് എന്നിവരാണ് കുട്ടിയെ മൃഗീയമായി മര്‍ദ്ദിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ബിര്‍ജുകുമാറിനെ പോലിസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. വിജയ് ഒളിവിലാണ്.
സ്‌കൂളിലെ ബക്കറ്റ് പൊട്ടിച്ചതുമായി ബന്ധപ്പെട്ട സംഭവമാണ് മര്‍ദ്ദനത്തിനു കാരണം. ബക്കറ്റ് ആരോ പൊട്ടിച്ചുവെച്ചിട്ടുണ്ടെന്ന് അധ്യാപകരുടെ അടുത്തു പോയി അറിയിച്ചതാണ് കുട്ടി ചെയ്ത കുറ്റം. പത്തുവയസ്സുകാരന്‍ തന്നെയാണ് ബക്കറ്റ് തകര്‍ത്തതെന്നാരോപിച്ച് അ്ധ്യാപകര്‍ അടിയ്ക്കാന്‍ തുടങ്ങുകയായിരുന്നു.
കുട്ടി വീട്ടില്‍ ചെന്ന് പരാതി പറഞ്ഞതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളിലെത്തി വിവരം തിരക്കിയപ്പോള്‍ ചികിത്സയ്ക്കായി 200 രൂപ നല്‍കി അധ്യാപകര്‍ തടിയൂരി. ആദ്യം നാഗ്പൂരിലെ ആശുപത്രിയില്‍ കാണിച്ചിരുന്നെങ്കിലും കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഹമീദിയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.












Click it and Unblock the Notifications